arest

ബാലരാമപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസിൽ അമ്മയും രണ്ടാനച്ഛനുമുൾപ്പെടെ മൂന്ന് പേർ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. വെടിവെച്ചാൻകോവിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയും ഇവരുടെ രണ്ടാം ഭർത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് പിടിയിലായത്. സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചു. അമ്മൂമ്മയ്ക്ക് ഒപ്പം കഴിയുകയായിരുന്ന വിദ്യാർത്ഥിനിയെ എട്ട് മാസം മുമ്പ് അമ്മ വാടകവീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. കുടുംബ ഐശ്വര്യം കിട്ടാൻ പെൺകുട്ടി മന്ത്രവാദിയെ കല്യാണം കഴിക്കണമെന്ന രണ്ടാം ഭർത്താവിന്റെ സമ്മർദ്ദത്തെ തുടർന്ന് ക്ഷേത്രത്തിൽ വച്ച് താലികെട്ടി മന്ത്രവാദിക്ക് കൈമാറുകയും ചെയ്തു.

മന്ത്രവാദിയുടെ പീഡനത്തിനിരയായ പെൺകുട്ടി വീട്ടിൽ നിന്നു രക്ഷപ്പെട്ട് അമ്മൂമ്മയുടെ വീട്ടിലെത്തി കാര്യം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർക്ക് വിവരം കൈമാറുകയും ചൈൽഡ്ലൈൻ പ്രവർത്തകരുടെ സഹായത്തോടെ അമ്മക്കും കൂട്ടാളികൾക്കുമെതിരെ കേസടുക്കുകയുമായിരുന്നു. രണ്ടാനച്ഛൻ നാല് വർഷം മുമ്പ് പെൺകുട്ടിയുടെ ചേച്ചിയെ പീഡിപ്പിച്ച കേസിൽ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ തെരച്ചിലിൽ മന്ത്രവാദി ആലുവിള വണ്ടിത്തടം കരിംപ്ലാവിള പുത്തൻവീട്ടിൽ സുനു എന്ന് വിളിക്കുന്ന വിനോദിനെ (30)​യും രണ്ടാനച്ഛനെയും അമ്മയെയും പിടികൂടുകയായിരുന്നു. ബാലരാമപുരം സി.ഐ ജി.ബിനു. എസ്,.ഐ വിനോദ് കുമാർ,​ അഡിഷണൽ എസ്.ഐമാരായ റോജി,​ തങ്കരാജ്,​ പുഷ്പരാജ്, എ.എസ്.ഐ പ്രശാന്ത്,​ സി.പി.ഒ അജയൻ,​ സുനി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.