shah-rukh

മുംബയ്: തന്റെ വീട്ടില്‍ മതം ഒരു ചര്‍ച്ചാ വിഷയമാകാറില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അപേക്ഷ ഫോറത്തില്‍ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളത്തില്‍ ഇന്ത്യന്‍ എന്നാണ് അടയാളപ്പെടുത്താറുള്ളതെന്നും താരം പറഞ്ഞു. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ ഹിന്ദു-മുസ്‌ലീം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. എന്റെ ഭാര്യ ഒരു ഹിന്ദുവാണ്. ഞാനൊരു മുസ്‌ലീമും. ഞങ്ങളുടെ കുട്ടികള്‍ ഹിന്ദുസ്ഥാന്‍ എന്നാണ് പറയാറ്. അവര്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവര്‍ക്ക് മതം രേഖപ്പെടുത്തേണ്ടതായി വരും. ഒരു ദിവസം മകള്‍ അടുത്ത് വന്ന് എന്റെ മതം എന്താണെന്ന് ചോദിച്ചു.

ഞാന്‍ അവള്‍ തന്ന ഫോമില്‍ എഴുതിയത് നമ്മള്‍ ഇന്ത്യക്കാരാണ്. നമുക്ക് മതമില്ല’ -ഷാറൂഖ് ഖാന്‍ പറഞ്ഞു. തന്റെ വീട്ടില്‍ മതമില്ലെന്നും എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിലെല്ലാം പങ്കെടുക്കാറുണ്ടെന്നും ഷാറൂഖ് ഖാന്‍ കൂട്ടി ചേര്‍ത്തു.