pinarayi-

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരളം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നമുക്ക് വിശ്രമിക്കാറായിട്ടില്ല. നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം. അതിനായി എല്ലാവരും സ്വയം സമർപ്പിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ, കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചു. വിവിധ ജില്ലകളിൽ വലിയ തോതിലുളള ജനസഞ്ചയമാണ് പങ്കെടുത്തത്. മനുഷ്യമഹാശൃംഖല മനുഷ്യമതിലായി മാറിയെന്നും പിണറായി വിജയൻ പറഞ്ഞു.ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് മുതൽ അതിനെതിരെ ശക്തമായി പ്രതികരിച്ചു വരികയാണ്. ഒരുതരത്തിലുളള ഭേദചിന്തയും ഇല്ലാതെ ഒന്നിച്ച് അണിനിരന്ന് കൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം മതാടിസ്ഥാനത്തിലാക്കാനുളള കാടൻ നിലപാടിനെതിരെയുളള പ്രതിഷേധത്തിൽ നാനാതുറകളിൽ പെട്ടവർ പങ്കെടുത്തു. വിദ്യാർത്ഥികൾ, സാംസ്‌കാരിക പ്രവർത്തകർ അടക്കം വിവിധ മേഖലയിലുളളവർ അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രതിഷേധ പരിപാടികളിൽ നിന്ന് മാറിനിൽക്കാറുളള ചലച്ചിത്രപ്രവർത്തകർ വരെ പ്രക്ഷോഭത്തിൽ അണിനിരന്നതായി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും ഈ പരിപാടിയില്‍ ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉളള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുളള ജനസഞ്ചയമാണ് ശൃംഖലയിൽ അണിനിരന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ​ കേരളമൊട്ടാകെ മനുഷ്യ മഹാശൃംഖല തീർത്തത്. കാസർകോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയിൽ അവസാനിച്ചു.

കാസർകോട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ശൃംഖലയിലെ ആദ്യ കണ്ണിയായപ്പോൾ കളിയിക്കാവിളയിൽ എം.എ. ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്താക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നു.