k-muraleedharan

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്ന് കെ.മുരളീധരൻ എം.പി. ഞാനടക്കം ജയിച്ചത് ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് . ആ ന്യൂനപക്ഷത്തിന്‍റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സിയുടെ പുനഃസംഘടനാപട്ടികയെക്കുറിച്ചുള്ള വിമർശനം തുറന്ന് പറഞ്ഞത് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടെന്നും കെ.മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിന്‍റെ ഒരു ഫോറത്തിൽത്തന്നെയാണ് താൻ അഭിപ്രായം പറഞ്ഞത്. പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്റെ കുറ്റം കൊണ്ടാണോ എന്ന് ചോദിച്ച കെ മുരളീധരൻ, 'താമരക്കുമ്പിളിലല്ല തന്റെ മമ ഹൃദയം' എന്ന് മുല്ലപ്പള്ളിയെ ഒന്ന് കുത്തുകയും ചെയ്തു.

പാർട്ടിയിൽ നിന്ന് പോയവരെക്കുറിച്ചോ, വന്നവരെക്കുറിച്ചോ തനിക്കൊന്നും പറയാനില്ല. താമരക്കുമ്പിളിലല്ല തന്റെ മമ ഹൃദയം എന്ന് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു മുരളീധരന്റെരിഹാസം. യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം കെ.പി.സി.സി പട്ടികയിൽ തീരെ കുറവാണ്. അത് പട്ടികയുടെ ന്യൂനത തന്നെയാണ്. ആ വാദത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനയെക്കുറിച്ച് രൂക്ഷവിമർശനമാണ് പട്ടിക പുറത്തുവന്നതിന് പിന്നാലെ മുരളീധരൻ ഉയർത്തിയത്.