വീടിന് മുന്നിൽ പൂന്തോട്ടം ഒരുക്കുന്നത് വീടിന് കൂടുതൽ സൗന്ദര്യം നൽകും. വീടിന്റെ അകത്തളങ്ങളെ സുന്ദരമാക്കുന്നതിലും ഇപ്പോൾ ചെടികൾ പ്രധാന പങ്കുവഹിക്കുന്നു. ഇൻഡോർ പ്ലാന്റ്സ് വീടിന് സൗന്ദര്യം മാത്രമല്ല ശുദ്ധവായുവും പോസിറ്റീവ് എനർജിയും നൽകുന്നു. ഓഫീസുകളിലും വീടുകളിലും ഇൻഡോർ പ്ലാന്റ്സ് ഇന്ന് ട്രെൻഡായിക്കഴിഞ്ഞു.
വീടിനുള്ളിൽ വയ്ക്കാൻ അനുയോജ്യമായ ചില ഇൻഡോർ പ്ലാന്റുകൾ ഇവയാണ്.
മണി പ്ലാന്റ്
വളരുന്നതിനു മണ്ണും സൂര്യപ്രകാശവും തീരെ ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളത്തിലും വളരും. വിവിധ തരത്തിലുള്ള മണി പ്ലാന്റുകളുണ്ട്. മറ്റു ഇൻഡോർ പ്ലാന്റുകൾക്ക് ആവശ്യമുള്ള അത്ര പോലും സൂര്യപ്രകാശം ഇവക്കു ആവശ്യമില്ല. അതുകൊണ്ടുതന്നെ കൂടുതൽ ദിവസം ഇവയ്ക്ക് വീട്ടിനുള്ളിൽ വളരാൻ സാധിക്കും
കലേഡിയം
ചേമ്പു വർഗത്തിൽപെട്ട മനോഹരമായ ചെടികളാണിവ. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടികളുടെ ഏറ്റവും വലിയ ആകർഷണം. പല നിറങ്ങളിലുള്ള ആയിരത്തിലധികം ഇനങ്ങൾ ഈ കുടുംബത്തിലുണ്ട്.
കറ്റാർവാഴ
വീടിനുള്ളിൽ വളര്‍ത്താവുന്ന ചെടികളില്‍ പ്രധാനം ആണ് അലോവേര അഥവാ കറ്റാർവാഴ. വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പൽ, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.
ബാംബൂ പാം
വീട്ടിനുള്ളിൽ വയ്ക്കാന്‍ ഏറ്റവും മനോഹരമായ ഈ ചെടിക്ക് ദീർഘനാൾ ജലം ഇല്ലാതെ വളരാനും സാധിക്കും. ഫോർമാൽഡി ഹൈഡ്, ബെൻസീൻ, ട്രൈക്ലോറോഎത്ത്ലിൻ, സൈലിൻ എന്നിവ വലിച്ചെടുക്കാൻ ഏറ്റവും നല്ല ചെടിയാണ് ഇത്.
സ്പൈഡർ പ്ലാന്റ്
എവിടെയും വളരുന്ന, കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടിയാണ് ക്ലോറോഫൈറ്റം അഥവാ സ്പൈഡർ പ്ലാന്റ്. ഇരുനൂറിലേറെ ഇനങ്ങൾ ഈ ചെടിയുടേതായുണ്ട്. നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്തു വയ്ക്കാനുമെല്ലാം അനുയോജ്യമാണ്. ഇലകൾക്ക് വിഷാംശമില്ല. വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇതിനു കഴിവുണ്ട്.
ഡ്രസീന
നിറത്തിലും വലുപ്പത്തിലും വളരെ വ്യത്യസ്തതയുള്ള ഡ്രസീനയുടെ വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭിക്കും. കോർട്‌യാർഡിൽ നേരിട്ടു നടുകയോ ചട്ടിയിൽ നട്ട് അകത്തളത്തിൽ വയ്ക്കുകയോ ആകാം. നീർവാർച്ച ശരിയായ രീതിയിൽ വേണമെന്നതു ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതിയാകും. ഇലകൾ ഇടയ്ക്കിടെ തുടച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയും കൂടും. കൂടുതൽ ഓക്സിജൻ പുറത്തുവിടും.
സ്നേക്ക് പ്ലാന്റ്
മദർ ഇൻലോസ് ടംഗ്, സ്നേക്ക് പ്ലാന്റ് എന്നെല്ലാം അറിയപ്പെടുന്ന സാൻസവേരിയയ്ക്ക് വായുശുദ്ധീകരണത്തിനുള്ള കഴിവുണ്ട്. പരിചരണം വളരെ കുറവുമതി. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി. ചട്ടിയിലും നിലത്തും നടാൻ അനുയോജ്യമാണ്. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും.
പോത്തോസ്
മണിപ്ലാന്റിന്റെ ഇനത്തില്‍പ്പെടുന്ന ചെടിയാണിത്. ഷെൽഫിലോ, മേശയിലോ, കാബിനറ്റിലോ എവിടെയും വളര്‍ത്താം. വേഗത്തിൽ വളരുമെന്നതാണ് പ്രത്യേകത. ലോ മെയിന്റനൻസ് പ്ലാന്റാണ്. വെളിച്ചവും അധികം വേണ്ട. ബെൻസീൻ പോലെ വായുവിലുള്ള വിഷ വാതകങ്ങളെ കുറയ്ക്കാനും ഈ ചെടി വീടിനുള്ളിൽ വളർത്താം.
ഡ്രെകെയ്‌ന
ലോ മെയിന്റനന്‍സ് പ്ലാന്റാണ് ഇതും. വീടിനുള്ളിലെ താപനിലയില്‍ തട്ടുകേടുകളൊന്നും കൂടാതെ സുഖമായി വളരും. വെളിച്ചവും അധികം ആവശ്യമില്ല. മുറികളില്‍ ശുദ്ധവായു നിറയ്ക്കുന്നതിനോടൊപ്പം വിഷവായുവിനെ നീക്കം ചെയ്യുകയും ചെയ്യും.
റബർ ട്രീ
അധികം വെള്ളമോ വെളിച്ചമോ ആവശ്യമില്ല. ഓക്‌സിജൻ ധാരാളമായി പുറപ്പെടുവിക്കുന്ന ചെടികളിലൊന്നാണ്. ബാക്ടീരിയ, പൂപ്പൽ എന്നിവയെ നശിപ്പിക്കാനും ഈ ചെടിയുടെ സാന്നിദ്ധ്യം നല്ലതാണ്.
ബേർഡ്‌സ് നെസ്റ്റ് ഫേൺ
വെളിച്ചക്കുറവും കൂടിയ ഈർപ്പവുമുള്ള മുറികളിൽ, ബാത്ത്‌റൂമുകളിൽ ഒക്കെ ഈ ചെടി വളര്‍ത്താം. ഹെയർ സ്‌പ്രേ, നെയിൽ പോളിഷ്, ക്ലീനേഴ്‌സ്... ഇവയിൽ നിന്നൊക്കെയുള്ള കെമിക്കലുകളെ ആഗിരണം ചെയ്യാൻ ഇവയേക്കാൾ മികച്ച ചെടികളില്ല.
പീസ് ലില്ലി
രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടുന്നതിനാല്‍ കിടപ്പുമുറികള്‍ക്കും അനുയോജ്യം. അമോണിയ പോലുള്ളവയെ വായുവിൽ നിന്ന് നീക്കുകയും ചെയ്യും. എളുപ്പത്തിൽ വളർത്താനും പരിചരിക്കാനും കഴിയുന്ന ചെടിയാണിത്. അധികം വെളിച്ചമില്ലാത്തിടത്തും വളർത്താം. നന്നായി വെളിച്ചമുണ്ടെങ്കിൽ കൂടുതൽ പൂക്കളുണ്ടാകും എന്നതാണ് പ്രത്യേകത.