ബ്രസൽസ് : ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ. 150ലധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ പൗരത്വം നിർണയിക്കുന്ന രീതിയിലെ രീതിയിലെ മാറ്റം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് അതിടയാക്കുമെന്നും പ്രമേയത്തിന്റെ കരടിൽ ആരോപിക്കുന്നു.
മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സർക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാദ്ധ്യമങ്ങളെയും നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം. ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾകൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു.
യൂറോപ്യന്‍ യൂണിയന്‍ പാർലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയിൽ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും ഇതിൽ പങ്കുവെക്കുന്നു. പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാദ്ധ്യതകൾ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു