k-surendran

തിരുവനന്തപുരം: എഴുപത് ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുത്ത എൽ.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖല വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയ. ഇടതുമുന്നണിയുടെ മനുഷ്യശൃംഖല ആവർത്തന വിരസതയും കാഴ്ചക്കാർക്ക് അരോചകത്വവും സൃഷ്ടിക്കുന്നുവെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.

നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണ പോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എന്നും സുരേന്ദ്രൻ ചോദിക്കുന്നു. ഇതിനെ ശക്തമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. ഇത്രനാളും തിരഞ്ഞെടുപ്പിൽ മത്സരിച്ച്‌ പരാജയപ്പെട്ടിട്ടും ആവർത്തന വിരസത തോന്നുന്നില്ലേ എന്ന് ചിലർ കമന്റ് ചെയ്യുന്നു.

കളിയിക്കാവിള മുതൽ കാസർകോട് വരെ വൈകിട്ട് ഇന്ന് 4നാണ് ശൃംഖല തീർത്തത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കാസർകോട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായി. കളിയിക്കാവിളയിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയുമായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് കണ്ണികളായി. കാസർകോട് നിന്ന് തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗം ചേർന്നായിരിന്നു കണ്ണി തീർത്തത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്.

ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.