ന്യൂഡൽഹി: സാധാരണക്കാര്‍ക്ക് പത്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വർദ്ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത് എന്ന റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വന്നതായി മോദി അഭിപ്രായപ്പെട്ടത്. പുരസ്‌കാര ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
'എല്ലാവർഷത്തെയും പോലെ കഴിഞ്ഞദിവസം വൈകീട്ട് പദ്മ പുരസ്‌കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരമായവരെ കുറിച്ച് വായിച്ചുമനസിലാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. അവരുടെ സംഭാവനകളെ കുറിച്ച് നിങ്ങളുടെ കുടുംബവുമായി ചർച്ച ചെയ്യൂ. 46,000 അപേക്ഷകളാണ് 2020 ലെ പദ്മ പുരസ്‌കാരത്തിനായി ലഭിച്ചത്. 2014 നെ അപേക്ഷിച്ച് നോക്കുമ്പോൾ 20 ഇരട്ടി വർദ്ധനവാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പദ്മ പുരസ്‌കാരങ്ങളിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഇന്ന് പദ്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഓൺലൈൻ വഴിയാണ് ആദ്യകാലത്ത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കിൽ ഇന്ന് ജനങ്ങളാണ് നിർദേശിക്കുന്നത്. ഒരു പുതിയ വിശ്വാസവും ബഹുമാനവും രാജ്യത്തെ പദ്മ പുരസ്‌കാരത്തോട് ഉണ്ടായിരിക്കുന്നു. പരിമിതമായ സാഹചര്യങ്ങളിലും കഠിനാധ്വാനത്തിലൂടെ ഇന്നത്തെ നിലയിലെത്തിയവരാണ് ഓരോ പുരസ്‌കാര ജേതാവും.' പ്രധാനമന്ത്രി പറഞ്ഞു.