ന്യൂഡൽഹി: എമർജൻസി ലാൻഡിംഗിന് പോലും പറ്റാത്തവിധം നഷ്ടത്തിലേക്ക് പറന്ന രാജ്യത്തിന്റെ സ്വന്തം വിമാന സർവീസായ എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വിൽക്കുന്നു. തിങ്കളാഴ്ചയാണ് ഓഹരി വിൽക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ഔദ്യോഗിക വൃത്തങ്ങൾ രംഗത്തെത്തിയത്. നേരത്തെ ഓഹരി വിഷക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2018ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണയും ആരും ഓഹരികൾ വാങ്ങാൻ മുന്നോട്ടുവന്നില്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പുതിയ ഉത്തരവ് പ്രകാരം ഓഹരി വാങ്ങാൻ താൽപര്യമുള്ളവർ മാർച്ച് 17ന് മുമ്പ് താൽപര്യപത്രം സമർപ്പിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഓഹരികൾ വാങ്ങുന്നവർ എയർ ഇന്ത്യയുടെ നിലവിലെ കടങ്ങളും ബാദ്ധ്യതകളും ഏറ്റെടുക്കണ്ടിവരും. ഏകദേശം 3.26 ബില്യൺ ഡോളറാണ് ( ഏകദേശം 23000 കോടി) എയർ ഇന്ത്യയുടെ കടം. മറ്റ് ബാദ്ധ്യതകൾ വേറെയുമുണ്ട്. ഗണ്യമായ ഉടമസ്ഥാവകാശവും ഫലപ്രദമായ നിയന്ത്രണമുള്ളവർ എയർ ഇന്ത്യയെ ഏറ്റെടുത്താൽ കമ്പനിയ്ക്ക് രാജ്യത്ത് തുടരാനാവുമെന്ന് അധികൃതർ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയർ ഇന്ത്യ വാങ്ങാൻ നേരത്തെ കേന്ദ്ര സർക്കാരുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും അവരും പിന്തിരിയുകയായിരുന്നു. വിൽപ്പന നടക്കാതെ വന്നപ്പോൾ ഓഹരികൾ വിൽക്കാനായി ശ്രമം. ഇതിനായി ലണ്ടനിലും സിംഗപ്പൂരിലും റോഡ് ഷോ നടത്തിയെങ്കിലും അതിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ എയർ ഇന്ത്യ പൂട്ടുകയേ വഴിയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
അതേസമയം, എയർ ഇന്ത്യയുടെ മറ്റൊരു സഹോദര സ്ഥാപനമായ എയർ ഇന്ത്യ എക്സ് പ്രസ് ലാഭത്തിലാണ്. 500 കോടി രൂപയുടെ ലാഭം നടപ്പ് സാമ്പത്തിക വർഷം ഉണ്ടാകുമെന്നാണ് എയർ എന്ത്യ എക്സ്പ്രസ് അധികാരികൾ പറയുന്നത്.
ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. 50 കോടി രൂപ ശമ്പളയിനത്തിൽ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച് എയർ ഇന്ത്യ പൈലറ്റുമാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. എയർ ഇന്ത്യ ജീവനക്കാർക്കെല്ലാം കൂടി ശമ്പളം നൽകാൻ പ്രതിമാസം 300 കോടിയാണ് വേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം എയർ ഇന്ത്യയുടെ നഷ്ടം 4000 കോടിയായിരുന്നെങ്കിൽ ഇപ്പോൾ ഇരട്ടിയിലധികമായി.
സർവീസുകൾ പലതും വെട്ടിക്കുറച്ചു. എ 320 വിമാനത്തിലെ 12 എയർ ബസുകൾ അറ്റകുറ്റപണിക്കായി നിലത്ത് കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇവയുടെ പണി തീർക്കണമെങ്കിൽ പുതിയ എൻജിനുകൾ സ്ഥാപിക്കണം. ഇതിന് മൊത്തം 1100 കോടി വേണമെന്നാണ് കണക്കാക്കുന്നത്. നഷ്ടത്തിലോടുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ ഇത്രയും പണം ചെലവഴിച്ചാൽ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ വിമാനങ്ങളുടെ സർവീസ് നിറുത്തി. എയർ ഇന്ത്യയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മുഴുവൻ ഓഹരികളും വിൽക്കാനൊരുങ്ങുന്നത്
2011-12 വർഷത്തിൽ 30,520,21 കോടി രൂപ കേന്ദ്ര സർക്കാർ എയർ ഇന്ത്യയ്ക്ക് നൽകിയിരുന്നു. കഴിഞ്ഞ വർഷം 2400 കോടിയാണ് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. നൽകിയത് 500 കോടി. ഇങ്ങനെ പണം തന്ന് എത്രകാലം ഈ സർവീസിനെ നില നിറുത്താനാവുമെന്ന ചിന്തയായതോടെയാണ് പൂട്ടലിൻെറ മണി മുഴങ്ങിയത്.