അഭിനയ രംഗത്ത് മാത്രമല്ല രാഷ്ട്രീയ നിലപാടുകൾക്കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രീനിവാസൻ. ഇപ്പോഴിതാ കേന്ദ്ര ഗവൺമെന്റിന്റെ ചില നയങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ജീവിച്ചിരിക്കുന്ന ആൾക്കാരുടെ പട്ടിണി മാറ്റിയതിനു ശേഷമല്ലേ 3000 കോടിയുടെ പ്രതിമ ഉണ്ടാക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
"കേന്ദ്രത്തിലെ ഗവൺമെന്റ് വേണ്ടാത്ത കാര്യങ്ങൾ പലതും ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. 2000ത്തിന്റെയും 500റിന്റെയും നോട്ട് അച്ചടിക്കാൻ 12,000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോൺ കൊടുത്തു. ഇതൊക്കെ ജനാധിപത്യമാണ്! എന്തിനാണ് പ്രതിമയുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ആൾക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലെ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാൻ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ. ഞാൻ ദെെവ വിശ്വാസി ആണോ അല്ലെയോ എന്ന വിഷയമല്ല പറയുന്നത്.
ദെെവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദെെവത്തിനോട് വിരോധം. ദെെവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്?നല്ലവനേയും ചീത്ത ആൾക്കാരെയും ഉണ്ടാക്കിയത്? ദെെവം സർവ ശക്തനാണെങ്കിൽ നല്ല ആൾക്കാരെ മാത്രം ഉണ്ടാക്കിയാൽ പോരെ"യെന്നും അദ്ദേഹം ചോദിക്കുന്നു.