ലണ്ടൻ: പൗരത്വ ഭേദഗതിക്കെതിരെയും കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയതിനെതിരെയും യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രമേയങ്ങൾ പാസാക്കാൻ ഒരുങ്ങുന്നതിനെതിരെ ഇന്ത്യൻ സർക്കാർ. ഇരുവിഷയങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യൻ പാർലമെന്റിലെ ഇരു സഭകളിലും നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യ നിയമങ്ങൾ പാസാക്കിയതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ പക്ഷം.
മാത്രമല്ല, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റ് നടത്തരുതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സി.എ.എയും കാശ്മീരുമായി ബന്ധപ്പെട്ട് അടിയന്തിര നീക്കങ്ങൾ നടത്തുമ്പോൾ ഇന്ത്യയുമായി 'ബന്ധപ്പെടണ'മെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഉപദേശിക്കുന്നു.
ഗ്രൂപ്പ് ഒഫ് പ്രോഗ്രസീവ് അലയൻസ് ഒഫ് സോഷ്യലിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റ്സ് ഇൻ യൂറോപ്യൻ പാർലമെന്റ്, ഗ്രൂപ്പ് ഒഫ് ദ യൂറോപ്യൻസ് പീപ്പിൾസ് പാർട്ടി, യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻഡ് റിഫോമിസ്റ്റ്സ് ഗ്രൂപ്പ് എന്നിങ്ങനെ യൂറോപ്യൻ പാർലമെന്റിൽ ഉൾപ്പെട്ട നിരവധി സംഘടനകളാണ് കാശ്‌മീർ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലും പാർലമെന്റിൽ ആറ് പ്രമേയങ്ങൾ പാസാക്കാനായി ഒരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും വലിയ 'രാജ്യമില്ലാ പ്രതിസന്ധി'യായും 'മനുഷ്യയാതന'യായുമാണ് പ്രമേയങ്ങളിൽ ഒന്ന് ഈ വിഷയങ്ങളെ കാണുന്നത്. എന്നാൽ(പൗരത്വ നിയമ വിഷയത്തിൽ) രാജ്യത്തെ ഒരു പൗരനും തന്റെ പൗരത്വം നഷ്ടപ്പെടുകയില്ലെന്നും മറ്റ് രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നുമാണ് ഇന്ത്യൻ സർക്കാർ പ്രതിനിധികൾ ആവർത്തിക്കുന്നത്.