tire

നമ്മളിൽ ഭൂരിഭാഗം പേരും കാറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വാഹനങ്ങളോ സ്ഥിരം ഉപയോഗിക്കുന്നവരാണ്. സ്വന്തം വണ്ടി എപ്പോഴും വൃത്തിയായും കാര്യക്ഷമമായും സൂക്ഷിക്കുന്ന നമ്മൾ എന്നാൽ വാഹനത്തിന്റെ ചക്രങ്ങളുടെ കാര്യത്തിൽ പലപ്പോഴും അത്ര ശ്രദ്ധ നൽകാറില്ല. ഇക്കാര്യത്തിൽ അശ്രദ്ധരായാൽ ചിലപ്പോൾ സ്വന്തമോ, സ്വന്തം കുടുംബാംഗംങ്ങളുടെയോ ജീവനാകും നഷ്ടപ്പെടുക എന്ന കാര്യവും ഇത്തരക്കാർ പലപ്പോഴും മനസിലാക്കാറില്ല.

ടയറിൽ അതിന്റെ നിർമാതാക്കൾ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങളും അക്കങ്ങളുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതിൽ തന്നെ ടയറുകളുടെ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന അക്കങ്ങളാണ് ഏറ്റവും പ്രധാനം. എന്നാൽ എഴുതിയിരിക്കുന്ന വിധം കാരണം ഈ നമ്പർ പലരുടെയും ശ്രദ്ധയിൽ പെടാല്ലെന്നതാണ് സത്യം. അഥവാ ശ്രദ്ധയിൽ പെട്ടാൽ തന്നെ ഇവ ആരും കാര്യമാക്കാറുമില്ല. അതുകൊണ്ടുതന്നെ ഇവ എങ്ങനെയാണ് വായിക്കുക എന്ന് ആദ്യം നോക്കാം.

ഡേറ്റ് ഒഫ് എക്സ്പയറി രേഖപ്പെടുത്താനായി പ്രധാനമായി നാല് അക്കങ്ങളാണ് ടയർ നിർമാതാക്കാൾ ഉപയോഗപ്പെടുത്തുക. ഇതിൽ അവസാനത്തെ രണ്ട് അക്കങ്ങൾ ടയർ നിർമിച്ച വർഷത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് '2218' എന്നാണ് ടയറിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ, ഇത് '18' ടയർ നിർമിച്ച '2018' എന്ന വർഷത്തെയാണ് സൂചിപ്പിക്കുന്നത്. '22' ആകട്ടെ ആ വർഷം ടയർ നിർമിക്കപ്പെട്ട ആഴ്ച്ചയെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്.

ചുരുക്കത്തിൽ 2018ൽ 22മത്തെ ആഴ്ചയിലാണ് ടയർ നിർമിച്ചത് എന്ന വിവരമാണ് അക്കങ്ങൾ നൽകുക. നാല് വർഷമാണ് ഒരു ടയറിന്റെ ശരാശരി ആയുസ് എന്നാണ് മിക്ക ടയർ നിർമാണ കമ്പനികളും പറയുന്നത്. അതുകൊണ്ടുതന്നെ ഇതാ പ്രത്യേകം നോക്കി വേണം ഇനി ടയറുകൾ വാങ്ങാൻ. ഇല്ലെങ്കിൽ അപകടം നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത് കേടുവന്ന ടയറിന്റെ രൂപത്തിലായിരിക്കും.