red-249

ബലഭദ്രൻ തമ്പുരാൻ കിട്ടിയ സമയത്തിനുള്ളിൽ വായിൽ നിന്നു പച്ചിലകൾ വലിച്ചെടുത്തു. പിന്നെ അലറി.

''നീയൊക്കെ ആരോടാണ് ഇങ്ങനെ ചെയ്തതെന്ന് അറിയാമോ?"

''അറിയാം. ഒരുപക്ഷേ ഈ നിലമ്പൂർ കണ്ട ഏറ്റവും വലിയ കുറ്റവാളിയോട്! അല്ലെങ്കിൽ സ്വന്തം രക്തത്തിൽ പോലും ഉള്ളവരെ നിർദ്ദാക്ഷണ്യം വകവരുത്തുവാൻ മടിയില്ലാത്ത സാഡിസ്റ്റിനോട്."

തമ്പുരാന്റെ തൊട്ടുമുന്നിൽ നിന്ന് പാഞ്ചാലി പറഞ്ഞു.

അയാൾ അവളെ തുറിച്ചുനോക്കി. ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപവും ശബ്ദവും.

അയാൾ അവൾക്കുനേരെ കുതിക്കുവാൻ ഭാവിച്ചു.

എന്നാൽ കാലുകളിൽ കെട്ടുള്ളതിനാൽ കഴിഞ്ഞില്ല. മാത്രവുമല്ല അയാൾക്ക് അരുകികൽ നിന്നവർ അയാളുടെ കൈകളിൽ പിടിച്ച് ബലമായി ഇരുവശത്തേക്കും അകറ്റി.

കൈപ്പത്തികൾ മലർത്തി വൃക്ഷത്തടിയിലേക്ക് അമർത്തി.

''തെറ്റ് ചെയ്യുന്നവർ ആരായാലും ശിക്ഷ അനുഭവിക്കേണ്ടിവരും എന്നുള്ളത് പ്രകൃതി നിയമം. അത് ഇവിടെയും പാലിക്കപ്പെടും. പെടണം! പിന്നെ നല്ലതിനുവേണ്ടി ചില തെറ്റുകൾ ചെയ്താൽ അവർ ശിക്ഷിക്കപ്പെടണമെന്ന് നിർബ്ബന്ധമില്ലതാനും. അതാണ് ഞാൻ പഠിച്ച പാഠം."

തമ്പുരാൻ കടപ്പല്ലമർത്തി. കുതറിക്കൊണ്ട് തന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചു.

കഴിഞ്ഞില്ല.

ഉരുക്കിന്റെ കരുത്തായിരുന്നു അയാളെ പിടിച്ചു നിർത്തിയവർക്ക്.

പാഞ്ചാലി തുടർന്നു:

''സ്വന്തം ഇഷ്ടത്തിനും അത്യാർത്തിക്കുമായി നിങ്ങൾ സഹോദരനെയും കുടുംബത്തെയും ഇല്ലാതാക്കുവാൻ കൂട്ടുനിന്നു. അത് തെറ്റല്ലേ തമ്പുരാൻ?"

ബലഭദ്രന്റെ കണ്ണുകൾ കുറുകി. ഇതൊക്കെ ഈ വനജീവി എങ്ങനെയറിഞ്ഞു.

''പ്രായപൂർത്തിപോലും ആകാത്ത, സ്വന്തം സഹോദരിപുത്രിയെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ കൂട്ടുനിന്നത് പഴയ നിങ്ങളുടെ രാജനീതിയാണോ?"

ചോദിക്കുമ്പോൾ പാഞ്ചാലിയുടെ ശബ്ദം നനഞ്ഞു.

തമ്പുരാൻ മറുപടി നൽകിയില്ല.

''വനത്തിൽ കരുത്തന്മാരായ മൃഗങ്ങൾ ദുർബലരെ കൊല്ലാറുണ്ട്. അതിലൊരു നീതിയുണ്ട്. ഭക്ഷണത്തിനു വേണ്ടിയുള്ള വേട്ടയാടലാണത്. എന്നാൽ നിങ്ങൾ അങ്ങനെയാണോ? ആവശ്യത്തിലധികം സ്വത്തുവകകൾ ഉണ്ടായിട്ടും പിന്നെയും വാരിക്കൂട്ടാനുള്ള അത്യാർത്തി. അതുമൂലമല്ലേ ഇക്കണ്ട പാപങ്ങളൊക്കെ ചെയ്തു തീർത്തത്?"

''ഹാ." ഇതൊന്നും ഇഷ്ടപ്പെടാത്ത രൂപത്തിൽ ബലഭദ്രൻ തല കുടഞ്ഞു. അയാളുടെ ശിരസ്സ് മരത്തടിയിലടിച്ചു.

''ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ? എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും."

പാഞ്ചാലിയുടെ മുഖത്ത് ക്രൂരമായ ഒരു ചിരിയുണ്ടായി.

''ഇല്ല തമ്പുരാൻ. ഇന്നലെ വരെ ചെയ്തതിനു ഫുൾസ്റ്റോപ്പ്. ഇനി അതിനു കഴിയില്ല. കാരണം ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് വിചാരണയാണ്. ശിക്ഷയ്ക്കു തൊട്ടുമുൻപുള്ള നിമിഷങ്ങൾ. നിങ്ങളെപ്പോലെ ഒരാൾക്ക് അന്ത്യാഭിലാഷം വ്യക്തമാക്കുവാൻ പോലും അനുവാദമില്ല."

''ത്‌ഫൂ." തമ്പുരാൻ കാറിത്തുപ്പി. ''എനിക്ക് ശിക്ഷവിധിക്കാൻ നീയൊക്കെയാര്? വെറും കാട്ടുജാതിക്കാർ. അപരിഷ്‌കൃതർ. ഒരുകാലത്ത് എന്റെ കോവിലകത്തിന്റെ ഉപ്പും ചോറും കഴിച്ച് വിശപ്പടക്കിയിരുന്നവർ."

പാഞ്ചാലി ഉറക്കെ ചിരിച്ചു.

''അത് തന്നെയാണ് കാരണം തമ്പുരാൻ. ഔദാര്യത്തിൽ ജീവിച്ചവർക്ക് അതിനുള്ള നന്ദി കാണിക്കേണ്ടതുണ്ട്. കോവിലകത്തുള്ളവർക്ക് ആപത്തുണ്ടാക്കിയവരെ ശിക്ഷിക്കാനുള്ള അവകാശം നിങ്ങൾ നേരത്തെ പറഞ്ഞ 'ഉപ്പും ചോറും' തിന്നവർക്കു മാത്രമാണ്. അത് അവരുടെ കടമയാണ്. ഇനിയും അത് ചെയ്തില്ലെങ്കിൽ രാമഭദ്രൻ തമ്പുരാന്റെ കുടുംബത്തോടു ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടാവും."

''ഇങ്ങനെയൊക്കെ പറയാൻ നീ ആരാ?"

ആ ചോദ്യത്തിനു പിന്നാലെ പാഞ്ചാലി തന്റെ ശിരസ്സുവഴിയിട്ടിരുന്ന കറുത്ത കമ്പിളി വലിച്ചെറിഞ്ഞു.

''നോക്ക്... സൂക്ഷിച്ചുനോക്ക്. എന്നെ അറിയുമോ?"

ബലഭദ്രൻ സൂക്ഷിച്ചു നോക്കി. ഒരിടത്തും കണ്ട ഓർമ്മയില്ല.

''മനസ്സിലാകുന്നില്ല. അല്ലേ? മനസ്സിലാകില്ല. കാരണം ഞാൻ ഇങ്ങനെ ആയിത്തീരാൻ കാരണക്കാരൻ നിങ്ങൾ കൂടിയാണ്."

വികാരവിക്ഷോഭം കാരണം പാഞ്ചാലിയുടെ ശ്വാസഗതിക്ക് വേഗതയേറി. നെഞ്ചിടം ക്രമാതീതമായി ഉയർന്നുതാണു.

''ആഢ്യൻപാറയിൽ വച്ച്, പത്താം ക്ളാസ് പാസായ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ പെട്രോൾ ഒഴിച്ചുകത്തിക്കാൻ കൂട്ടുനിന്നത് മറന്നുപോയോ തമ്പുരാൻ? തീപിടിച്ച ഒരു പെണ്ണിന് ഇതിൽകൂടുതൽ എന്താകാൻ കഴിയും?"

ശിരസ്സിനു മുകളിൽ ഒരു വെള്ളിടി വെട്ടിയതുപോലെ ബലഭദ്രൻ കിടുങ്ങി. ആ കൂറ്റൻ വൃക്ഷത്തിന്റെ ശിഖരങ്ങൾ തനിക്കുമീതെ അടർന്നു പതിക്കുന്നതു പോലെ....

'പാ.. ഞ്ചാ...ലി.."

അറിയാതൊരു ശബ്ദം ബലഭദ്രന്റെ തൊണ്ടക്കുഴിയിൽ പിടഞ്ഞുവീണു ചത്തു.

''അതെ. പാഞ്ചാലിതന്നെ." അവളുടെ കടപ്പല്ലുകൾ ഞെരിഞ്ഞു.

തമ്പുരാൻ വിവശനായി.

ഇവൾ തനിക്കു മാപ്പുതരില്ലെന്ന് ഉറപ്പായി.

''മോളേ..."

പെട്ടെന്ന് അയാൾ വിളിച്ചു.

''മിണ്ടരുത് നിങ്ങൾ, അങ്ങനെയൊരു വാക്ക്."

അവൾ കൈചൂണ്ടി. ഒപ്പം തന്റെ ആളുകൾക്ക് ഒരു ആംഗ്യം കാട്ടി.

അടുത്ത നിമിഷം അവൾ തമ്പുരാന്റെ കൈപ്പത്തികളിൽ ഓരോ ഇരുമ്പാണികൾ അമർത്തി.

പിന്നെ കല്ലുകൊണ്ട് അടിച്ചുകയറ്റി.

(തുടരും)