രാജ്യം ആകാംഷയോടെ എല്ലാക്കൊല്ലവും കാത്തിരിക്കുന്ന റിപ്പബ്ലിക് ഡേ പരേഡ് ആഘോഷത്തിൽ താരമായി ക്യാപ്റ്റൻ താനിയ ഷെർഗിൽ. ഇത് രണ്ടാം തവണയാണ് പുരുഷന്മാർ മാത്രം ഉൾപ്പെട്ട സൈനിക വിഭാഗത്തെ(കണ്ടിൻജന്റ്) ഷെർഗിൽ പരേഡിൽ നയിക്കുന്നത്. മുൻപ് ജനുവരി 15ന് നടന്ന ആർമി പരേഡിലും പുരുഷന്മാർ മാത്രമുണ്ടായിരുന്ന സൈന്യത്തെ ഈ ധീരവനിത നയിച്ചിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക തലവനായി ജനറൽ കെ.എം കരിയപ്പ സ്ഥാനം ഏറ്റെടുത്തതിന്റെ ആഘോഷ സൂചകമായിട്ടായിരുന്നു സൈന്യം ആർമി ഡേ ആചരിച്ചത്. തന്റെ കുടുംബത്തിലെ, സൈന്യത്തിൽ ചേരുന്ന, നാലാം തലമുറക്കാരിയാണ് ഷെർഗിൽ. ഇതോടെ ഇന്ത്യൻ സൈനിക ചരിത്രത്തിൽ അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്ന ഒരു ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ പട്ടാളക്കാരി.
ഇന്ത്യൻ സൈനിക ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു വനിതാ ഓഫീസർ പുരുഷന്മാർ മാത്രം ഉൾപ്പെടുന്ന ഒരു ആർമി കണ്ടിൻജന്റിനെ നയിച്ചത് കഴിഞ്ഞ വർഷമായിരുന്നു. 144 ഇന്ത്യൻ പട്ടാളക്കാരടങ്ങുന്ന ഈ സംഘത്തെ അന്ന് നയിച്ചത് ഭാവന കസ്തൂരി എന്ന വനിതാ ഓഫീസറായിരുന്നു. സേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു പുരുഷസേനാ വിഭാഗത്തെ ഒരു വനിതാ ഓഫീസർ പരേഡിലൂടെ നയിച്ചക്കുന്നത്.