ബെയ്ജിംഗ്: ജനങ്ങൾക്കിടയിൽ മരണഭയം വർദ്ധിപ്പിച്ച് കൊറോണ വൈറസ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നു. മരണസംഖ്യ 81 ആയി ഉയർന്നു. ഇവർ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാൻ സ്വദേശികളാണ്. 2,827പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനശക്തി തുടക്കത്തിലുള്ളതിനെക്കാൾ വർദ്ധിച്ചെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. വൈറസ് ശരീരത്തിലെത്തുന്നവർ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ രോഗാണു വാഹകരാകുന്നു. വുഹാന് പുറമേ ഷാംഗ്ഹായ്, ബെയ്‍ജിംഗ് തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം അടച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി യാത്രാവിലക്കുമുണ്ട്.
ഹുബെയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരെയും പുറത്തുപോകാൻ അനുവദിക്കുന്നില്ല. പുറത്ത് നിന്ന് ആരെയും ഹുബെയിലേക്ക് വിടുന്നുമില്ല. ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തെറ്റിച്ച് വൈറസ് അതിവേഗം പടരുകയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ രാജ്യത്ത് പൊതു അവധി നീട്ടുകയും വന്യജീവികളുടെ മാസം വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. അതിനിടെ വിവിധ രാജ്യങ്ങളിൽ കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്‍തു. യു.എസിൽ ഞായറാഴ്‍ച മൂന്നുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൈനയിൽ നിന്ന് വന്നവരാണ് ഇവർ. യു.എസിൽ 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേർ നിരീക്ഷണത്തിലാണ്. തായ്‍വാനിൽ നാലാമത്തെയാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഡോക്ടർ റോബോട്ട് ഹാജർ
അമേരിക്കയിൽ കൊറോണ രോഗിയെ ചികിത്സിക്കുന്നത് റോബോട്ട്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് അധികൃതർ അറിയിച്ചു. യു.എസിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 30 വയസുകാരനെ ചികിത്സിക്കാനാണ് റോബോട്ടിനെ നിയോഗിച്ചത്. കഴിഞ്ഞ തിങ്കളാഴ്‍ച രോഗം സ്ഥിരീകരിച്ച് ഇയാൾ എവറൈറ്റിലെ റീജിയണൽ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. സ്‍റ്റെതസ്‍കോപ്പും കാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഡോ.ജോർജ് ഡയസാണ് നേതൃത്വം നൽകുന്നത്. ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗിയുടെ നില തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
.