army-

ന്യൂഡൽഹി: 13 ലക്ഷം സൈന്യവും പത്ത് ദിവസത്തോളം തുടർച്ചയായി യുദ്ധം ചെയ്യുന്നതിനാവശ്യമായ യുദ്ധ സാമഗ്രികളും രാജ്യത്തിന്റെ അതിർത്തിയിൽ സജ്ജമാക്കിയതായി റിപ്പോർട്ട്. വൻ പ്രഹരശേഷിയുള്ള മിസൈലുകൾ, ഉയർന്ന ശേഷിയുള്ള ടാങ്കുകൾ, ഷെല്ലുകൾ എന്നിവയാണ് അതിർത്തിയിൽ സംഭരിച്ചുവച്ചിരിക്കുന്നത്. പത്ത് ദിവസം നിറുത്താതെ യുദ്ധം ചെയ്യാൻ ഈ സാമഗ്രികൾ കൊണ്ട് സാധിക്കും. ദേശീയ മാദ്ധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിരോധമന്ത്രാലയത്തിന്റെ സ്ഥിരീകരണത്തോടെയാണ് ഈ റിപ്പോർട്ട്. 10 (ഐ) ലെവലിന് ആവശ്യമായ വെടിക്കോപ്പുകൾ സൈന്യം അതിർത്തിയിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു. അതായത് പത്ത് ദിവസത്തോളമുള്ള തീവ്രമായ പോരാട്ടത്തിന് ഇത് സാദ്ധ്യമാക്കും. എന്നാൽ സൈന്യം പൂർണമായും യുദ്ധത്തിന് തയ്യാറായി നിൽക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും പാകിസ്ഥാനും ചൈനയുമുള്ളതിനാൽ ഇത്തരത്തിൽ ശേഖരിക്കേണ്ട ആവശ്യം നമുക്കുണ്ടെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.

വിവിധ മേഖലയിൽ ഉണ്ടായിരുന്ന വലിയ അയുധ കുറവുകൾ ഇതിനകം തന്നെ ഗണ്യമായി പരിഹരിച്ചിട്ടുണ്ട്. സൈന്യത്തെ സംബന്ധിച്ച് നിർണായകമായ അയുധങ്ങളുടെ കുറവാണ് പരിഹരിച്ചത്. 19 അയുധകമ്പനികളുമായി ഒപ്പുവച്ച വിവിധ കരാറുകൾ ഇതിന് വേണ്ടിയായിരുന്നു. ഏകദേശം 12,890 കോടിയാണ് സൈന്യം ഇതിനായി ചെലവഴിച്ചിരിക്കുന്നത്. അതേസമയം, 40 (ഐ) ലെവൽ കൈവരിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം. ഇതിനായി നിലവിലെ ആയുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം

രാജ്യത്തെ സ്വകാര്യ കമ്പനികൾ ആഭ്യന്തരമായി എട്ട് വ്യത്യസ്ത ടാങ്കുകൾ നിർമ്മിക്കാനാണ് പ്രതിരോധമന്ത്രാലം പദ്ധതിയിടുന്നുണ്ട്. ഇതിനായി വിദേശ കമ്പനികളുടെ സഹായം തേടിയേക്കും. കൂടാതെ 2022-2023 വർഷത്തിൽ 1700 കോടിയോളം രൂപ ആയുധങ്ങൾക്കായി ചെലവഴിക്കാനുള്ള പദ്ധതിയും പ്രതിരോധമന്ത്രാലയം തയ്യാറാക്കും.