ലക്നൗ: വിദ്യാഭ്യാസ രംഗത്തേക്കും ചുവട് വെയ്പ് നടത്തി ആർ.എസ്.എസ് മുൻ സർ സംഘചാലക് രാജേന്ദ്ര സിംഗിന്റെ പേരിൽ തുടങ്ങുന്ന ഈ സൈനിക സ്കൂൾ ഏപ്രിൽ ആറിന് യു.പിയിലെ ബുലന്ദ്ഷഹറിൽ പ്രവർത്തനം ആരംഭിക്കും. ആറാം ക്ലാസ് മുതലാണ് പ്രവേശനം. സ്കൂൾ കെട്ടിടം സജ്ജമാക്കിയതായും 160 പേരടങ്ങുന്ന ആദ്യ ബാച്ചിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൂർണമായും റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന, രജ്ജു ഭയ്യാ സൈനിക വിദ്യാമന്ദിർ എന്നു പേരിട്ട സ്കൂളിന്റെ ചുമതല വിദ്യാഭാരതിക്കാണ്. സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ് സ്‌കൂളിൽ പിന്തുടരുക. വിദ്യാർത്ഥികൾക്ക് ഇളം നീല ഷർട്ടും കടുംനീല പാന്റും അദ്ധ്യാപകർക്ക് വെള്ള ഷർട്ടും ചാരനിറത്തിലുള്ള പാന്റുമാണ് യൂണിഫോമായി നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരിതര സംഘടന സൈനിക സ്‌കൂൾ ആരംഭിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാഡമി, നാവിക അക്കാഡമി, കരസേനയുടെ ടെക്നിക്കൽ പരീക്ഷകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർ.എസ്.എസ് പറയുന്നു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം, മാർച്ചിൽ പ്രവേശന പരീക്ഷ നടക്കും. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുട്ടികൾക്കായി എട്ട് സീറ്റ് മാറ്റിവയ്ക്കുന്നതും രക്തസാക്ഷികളുടെ ആശ്രിതർക്ക് പ്രായപരിധിയിൽ ഇളവു ലഭിക്കുന്നതും ഒഴികെ ഒരു തരത്തിലുമുള്ള സംവരണം സ്കൂളിൽ ഉണ്ടാകില്ലെന്ന് സ്കൂൾ ഡയറക്ടർ കേണൽ ശിവപ്രസാദ് സിംഗ് പറഞ്ഞു. ഭാവിയിൽ രാജ്യമെമ്പാടും ഇത്തരത്തിൽ സ്കൂളുകൾ തുറക്കാൻ ആർ.എസ്.എസ് ലക്ഷ്യമിടുന്നുണ്ടെന്നും അതുകൊണ്ടാണ് വിദ്യാഭാരതിയെ ചുമതല ഏൽപ്പിച്ചതെന്നുമാണ് അഭ്യൂഹം.