chandrashekhar-azad

ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ വച്ചായിരുന്നു അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഹൈദരാബാദിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. പരിപാടി നടത്താൻ ജില്ല ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും അതുകൊണ്ട് പരിപാടി തുടരാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി. പ്രതിഷേധ പരിപാടിക്ക് മുൻപ് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് വിവരം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ട്വിറ്റ് ചെയ്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിൽ ഡിസംബർ 20ന് വൻ പ്രക്ഷോഭം സംഘടിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ആസാദിന് 27 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.