kobi

കാലിഫോർണിയ: അമേരിക്കൻ ബാസ്‌കറ്റ് ബാൾ ഇതിഹാസം കോബി ബ്രയന്റ് (41)​ ഹെലി‌കോപ്ടർ അപകടത്തിൽ മരിച്ചു. ലോസാഞ്ചൽസിന് സമീപം കലബസാസിന് സമീപമുള്ള കുന്നിൻ ചരിവിൽ വച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കോബിയുടെ പതിമ്മൂന്ന്കാരിയായ മകൾ ജിയാന്നയും മരിച്ചു. ഇവർക്കൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന ബാക്കി ഏഴ്പേരും മരിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.45 ( ഇന്ത്യൻ സമയം രാത്രി 11.15 ) ഓടെയാണ് അപകടം ഉണ്ടായത്. ദക്ഷിണ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലുള്ള വീട്ടിൽ നിന്ന് തൗസൻഡ് ഒസാക്കയിൽ തന്റെ തന്നെ ഉടമസ്ഥതയിലുള്ള മാമ്പ സ്പോർട്സ് അക്കാഡമിയിൽ മകൾ ജിയാന്നയെ ബാസ്കറ്റ്ബാൾ പരിശീലനത്തിനായി കൊണ്ടു പോകും വഴിയാണ് കോബിയുടെ സ്വകാര്യ ഹെലികോപ്ടർ തകർന്നു വീണത്. മൂടൽ മഞ്ഞും മോശം കാലാവസ്ഥയുമാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

ബാസ്‌കറ്റ്ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ പ്രഥമഗണനീയനണ് കോബി ബ്രയാന്റ്. ഇരുപത് വർഷത്തോളം നീണ്ട തന്റെ പ്രൊഫഷണൽ കരിയറിൽ എൻ.ബി.എയിലെ ഫ്രാഞ്ചൈസി ടീമായ ലോസാഞ്ചലസ് ലോക്കേഴ്സിനായി പുറത്തെടുത്ത കളി മികവ് അദ്ദേഹത്തെ ഇതിഹാസമാക്കി മാറ്രുകയായിരുന്നു. 5 തവണ എൻ.ബി.എ ചാമ്പ്യൻഷിപ്പും 18 തവണ എൻ.ബി.എ ആൾസ്റ്രാർ ടീമംഗവും 2 തവണ മോസ്റ്ര് വാല്യൂബൾ താരവും ആയിട്ടുള്ള കോബി 2008, 2012 വർഷങ്ങളിൽ ഒളിമ്പിക്സ് സ്വർണം നേടിയിട്ടുള്ള യു.എസ് ടീമംഗവുമായിരുന്നു. 2018ൽ കോബി നിർമ്മിച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമായ ഡിയർ ബാസ്കറ്ര് ബാൾ ഓസ്കാർ അവാർഡും നേടി.