cpm

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ചേർന്ന് സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങൾ. സംസ്ഥാനത്തെ വിവിധയിടങ്ങളിലാണ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചത്. പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരെ കേരളത്തിൽ ഇടതുപക്ഷം മനുഷ്യ മഹാശൃഖല തീർത്തപ്പോൾ ബംഗാളിലെ ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും ചേർന്ന് പൊതുയോഗങ്ങൾ സംഘടിപ്പിച്ചാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

വടക്കൻ കൊൽക്കത്തയിൽ നടന്ന യോഗത്തിൽ ഇടതുമുന്നണി ചെയർമാന്‍ ബിമൻബോസും കോൺഗ്രസ് അദ്ധ്യക്ഷൻ സോമെന്‍ മിത്രയുമാണ് പങ്കെടുത്തത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന പ്രതിഞ്ജ ബിമൻ ബോസ് ചൊല്ലിക്കൊടുത്തു. സോമന്‍ മിത്രെയടക്കമുള്ളവർ ഏറ്റുചൊല്ലി. സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോണ്‍ഗ്രസിനെതിരായും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും എതിരെയുള്ള വലിയ ബഹുജന പ്രസ്ഥാനം ആരംഭിക്കുമെന്നും ബിമൻ ബോസ് പറഞ്ഞു.

അതേസമയം ധാക്കുരിയയിൽ നടന്ന പൊതുയോഗത്തിൽ സി.പി.ഐ.എം സെക്രട്ടറി സൂർജ്യ കാന്ത മിശ്രയും മുൻ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ പ്രദീപ് ഭട്ടാചാര്യയും പങ്കെടുത്തു. കേന്ദ്രത്തിനെതിരെ ശക്തമായി പ്രതിഷേധമൊരുക്കാനാണ് പാർട്ടികൾ മുന്നിട്ടിറങ്ങുന്നത്. കേരളത്തിൽ നടത്തിയ പ്രതിഷേധത്തിലും വലിയ രീതിയിലുള്ള ജനകീയ പങ്കാളിത്തം ഉണ്ടായിരുന്നു.