തിരുവനന്തപുരം: കൊറോണ വൈറസ് പടർർന്നു പിടിച്ച ചൈനയിലെ വുഹാൻ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ വിമാന മാർഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
വുഹാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതൽ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വുഹാനിലേക്കോ സമീപത്ത് പ്രവർത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
വുഹാനിൽ നിന്ന് തിരിച്ചെത്തുന്ന ഇന്ത്യക്കാർക്ക് ചികിത്സ ആവശ്യമാണെങ്കിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സംസ്ഥാനം തയ്യാറാണ്. വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം എത്തിക്കാൻ ചൈനയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഭീതിയിൽ കഴിയുന്നവരെ സഹായിക്കുന്നതു സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്..ജയശങ്കറിന് ജനുവരി 24ന് കത്തയച്ചിരുന്നു. മാത്രമല്ല, ചീഫ് സെക്രട്ടറി ടോം ജോസും ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ എ. സമ്പത്തും വിദേശകാര്യമന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയവുമായും ഈ പ്രശ്‌നത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.