ദുബായ്: ദുബായിൽ തൊഴിൽ അന്വേഷിച്ചD മെയിൽ അയച്ച മലയാളിയുവാവിനോട് പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളിൽ പോയി പങ്കെടുക്കാൻ നിർദ്ദേശം.. മെക്കാനിക്കൽ എൻജിനീയറായ അബ്ദുള്ളയെന്ന 23കാരനാണ് ദുബായിൽ ജോലി അന്വേഷിച്ച് മെയിൽ അയച്ചത്. എന്നാൽ മറുപടിയായി കിട്ടിയ ഇ മെയിലിൽ ന്യൂഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ പോയി പങ്കെടുക്കാനായിരുന്നു നിർദ്ദേശിച്ചത്.
അതേസമയം, തനിക്ക് ലഭിച്ച ഇ-മെയിൽ നൽകിയ ആഘാതത്തിൽ നിന്ന് ഇപ്പോഴും കര കയറിയിട്ടില്ലെന്ന് അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ജോലി അന്വേഷിച്ച് അബ്ദുള്ള ഇ-മെയിൽ അയച്ചത്. ഇതിന് മറുപടിയായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരനായ പ്രവാസി ജയന്ത് ഗോഖലെയാണ് അബ്ദുള്ളയ്ക്ക് മറുപടി അയച്ചത്.
'നിനക്ക് ജോലിയുടെ ആവശ്യം എന്താണ്? ഡൽഹിയിലേക്ക് പോയി ഷഹീൻ ബാഗിലെ സമരത്തിൽ പങ്കെടുക്കൂ. എല്ലാ ദിവസവും നിനക്ക് 1000 രൂപ ലഭിക്കും. ബിരിയാണി പോലുള്ള സൗജന്യ ഭക്ഷണവും അളവില്ലാത്ത വിധം ചായയും പാലും ലഭിക്കും. ചില സമയത്ത് മധുരവും ലഭിക്കും' - ജോലി അന്വേഷിച്ചുള്ള അബ്ദുള്ളയുടെ ഇ-മെയിലിന് മറുപടിയായി ഗോഖലെ കുറിച്ചത് ഇങ്ങനെ. ഗോഖലെയുടെ ഇ-മെയിൽ ഇപ്പോൾ വൈറലാണ്.
ദുബായിൽ കൺസൾട്ടൻസി നടത്തി വരികയാണ് ഗോഖലെ. അതേസമയം, ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുകയാണ്. ഗോഖലെ അയച്ച മെയിൽ ഷെയർ ചെയ്തു കൊണ്ടാണ് ആളുകൾ ഇക്കാര്യം ആവശ്യപ്പെടുന്നത്. ഗോഖലെയുടെ ഇ-മെയിൽ കുറച്ച് സുഹൃത്തുക്കളുമായി പങ്കു വെച്ചിരുന്നു. എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. തനിക്ക് ഒരു ജോലിയാണ് വേണ്ടതെന്നും അബ്ദുള്ള വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പിന്നീട് ഗോഖലെ ഖേദം രേഖപ്പെടുത്തി. ഇക്കാര്യം വ്യക്തമാക്കി അബ്ദുള്ളയ്ക്ക് വീണ്ടും മെയിൽ അയച്ചതായും ഗോഖലെ പറഞ്ഞു.
ഷഹീൻ ബാഗിൽ പ്രതിഷേധക്കാർക്ക് എതിരെ ഉന്നയിച്ച ആരോപണം പ്രതിഷേധക്കാർ തള്ളിക്കളഞ്ഞു. ഇതിനിടയിൽ, ദുബായിലെ ജയന്ത് ഗോഖലെയാണെന്ന് തെറ്റിദ്ധരിച്ച് മുംബൈ സ്വദേശിക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. താൻ ദുബായിലെ ജയന്ത് ഗോഖല അല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ഇയാൾ സൈബർ ആക്രമണത്തിന് എതിരെ പൊലീസിൽ പരാതി നൽകിയതായും വ്യക്തമാക്കി.