corona
കൊറോണ വൈറസ് ഭീഷണി നേരിടാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്ര സംഘം എത്തിയപ്പോൾ

നെടുമ്പാശേരി​: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം വിലയിരുത്തി. വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരെ സംഘം സന്ദർശിച്ചു.
ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ ഡോ. പുഷ്പേന്ദ്രകുമാർ, സഫ്ദർജംഗ് ആശുപത്രിയിലെ രമേശ് ചന്ദ്ര മീണ, കോഴിക്കോട്ടെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷൗക്കത്തലി, ഡോ. ഹംസക്കോയ, ഡോ. റാഫേൽ ടെഡി എന്നിവരാണ് സംഘാംഗങ്ങൾ.വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയ സംവിധാനങ്ങൾ മികച്ചതാണെന്ന് സംഘം അറിയിച്ചു.

ഇതി​നി​ടെ കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.. ഇയാൾക്ക് എച്ച് 1 എൻ 1 പനിയാണ് ബാധിച്ചിരിക്കുന്നതെന്ന് രക്തപരിശോധനയി​ൽ വ്യക്തമായി​.