kobe

ബാസ്‌കറ്റ്‌ബാളിന്റെ ബ്രാൻഡ് അംബാസഡർ തന്നെയായിരുന്നു കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജീവിതത്തിന്റെ കോർട്ടിൽ നിന്ന് വിടപറഞ്ഞ കോബി ബീൻ ബ്രയന്റ് എന്ന ആരാധകരുടെ പ്രീയപ്പെട്ട ബ്ലാക്ക് മാമ്പ. എൻ.ബി.എ ടീമായ ലോസാഞ്ചലസ് ലോക്കേഴ്സിനായി ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം. തന്റെ ജീവിതത്തിന്റെ പകുതിയിൽ അധികവും കോബി ചെലവഴിച്ചത് ലോസാഞ്ചലസ് ലോക്കേഴ്സിലായിരുന്നു. 41 വർഷം നീണ്ട തന്റെ ജീവിതത്തിൽ 20 വർഷവും അദ്ദേഹം ലോസാ‌ഞ്ചലസ് ലോക്കേഴ്സിനൊപ്പമായിരുന്നു. 2016ലാണ് ലോക്കേഴ്സിനായി അവസാന മത്സരവും കഴിഞ്ഞ് കോർട്ടിൽ നിന്ന് മടങ്ങുമ്പോൾ 33,643 പോയിന്റുകൾ ആ കരിയറിൽ എഴുതിച്ചേർക്കപ്പെട്ടിരുന്നു.

കോബിയെന്ന

പേരിന് പിന്നിൽ

മുൻ എൻ.ബ.എ താരമായ ജോ ബ്രയന്റിന്റെയും പമേല കോക്സ് ബ്രയന്റിന്റെയും ഇളയ മകനായി 1978 ആഗസ്റ്റ് 23ന് പെൻസിൽവേനിയയിലെ ഫിലാഡൽഫിയയിലാണ് കോബി ബ്രയന്റിന്റെ ജനനം. ജോയുടേയും പമേലയുടേയും ഇഷ്ട ഭക്ഷണമായിരുന്നു ജാപ്പനീസ് വിഭവമായ കോബി ബീഫ്. ജപ്പാനിലെ കോബി പ്രവിശ്യയിൽ നിന്നുള്ള വാഗ്യു എന്ന ഇനത്തിൽപ്പെട്ട കന്നുകാലിയുടെ മാംസത്തിൽ നിന്നാണ് കോബി ബീഫ് ഉണ്ടാക്കുന്നത്. ആ ഭക്ഷണത്തോടുള്ള ഇഷ്ടം കാരണം ജോയും പമേലയും തങ്ങളുടെ മൂന്നാമത്തെ കൺമണിക്ക് കോബി എന്ന പേര് നൽകുകയായിരുന്നു. കോബിയുടെ മിഡിൽ നെയിമായ ബീൻ ഉണ്ടായത് ജോയുടെ വിളിപ്പേരായ ജെല്ലി ബീനിൽ നിന്നാണ്. കോബിക്ക് ആറ് വയസുള്ളപ്പോൾ ജോ എൻ.ബി.എയിൽ നിന്ന് വിരമിച്ചു. തുടർന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ലോവർ ഡിവിഷൻ ബാസ്കറ്റ്ബാൾ കളിക്കാൻ ഇറ്രലിയിലേക്ക് കുടിയേറുകയായിരുന്നു. ഇതിനിടെ പിതാവിന്റെ കൈപിടിച്ച് കോബി ബാസ്കറ്റ്ബാൾ കോർട്ടിൽ പരിശീലനം തുടങ്ങിയിരുന്നു. ഇറ്റലിയിൽ ഒരുഘട്ടത്തിൽ കുഞ്ഞ് കോബി വംശീയ അധിക്ഷേപത്തിനും വിധേയനായി. പതിമ്മൂന്നാം വയസിൽ അമേരിക്കയിൽ തിരിച്ചെത്തിയ കോബി പെൻസിൽവേനിയയിലെ ലോവർ മരിയൻ ഹൈസ്‌കൂളിന് വേണ്ടി കളിച്ചാണ് കോർട്ടിൽ അരങ്ങേറിയത്. സ്കൂളിൽ നിന്ന് നേരെ തന്റെ 17-ാം വയസിൽ എൻ.ബി.എ എന്ന ബാസ്‌കറ്റ്ബാളിലെ ഏറ്രവും വലിയ കളിക്കളത്തിൽ കോബി എത്തി. 1996ലെ ഡ്രാഫ്റ്റിൽ ഷാർലെറ്റ് ഹോർണസ്റ്റാണ് കോബിയെ എൻ.ബി.എയുടെ തട്ടകത്തിലേക്ക് കൊണ്ടുവന്നത്. എൻ.ബി.എയിൽ കളിക്കുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡോടെ മിന്നിത്തിളങ്ങിയ കോബി പിന്നീട് ലോകാഞ്ചലസ് ലോക്കേഴ്സിലേക്ക് മാറുകയായിരുന്നു. പിന്നീട് ഉള്ളതെല്ലാം ചരിത്രമാണ്.

തന്റെ അപാരമായ ഫുട്‌വർക്കും തന്ത്രങ്ങളുമായി എതിരാളികളെ നിഷ്പ്രഭമാക്കി ബാസ്കറ്റിൽ പോയിന്റുകൾ നിറയ്ക്കുന്ന കോബിയെ ബ്ലാക്ക് മാമ്പയെന്നാണ് അദ്ദേഹവും ആരാധകരും വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്രവും വിഷമുള്ള പാമ്പുകളിൽ ഒന്നിന്റെ പേര് കോബിക്ക് നൽകിയത് മാജിക്ക് ജോൺസണാണെന്നാണ് പറയപ്പെടുന്നത്.

മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ കോർട്ടിലെത്തി പരിശീലനം തുടങ്ങുന്ന കോബി യുവതാരങ്ങൾക്കും ആരാധകർക്കുമെല്ലാം പ്രചോദനവും റോൾ മോഡലുമായിരുന്നു. വിരമിച്ച ശേഷം എൻ.ബി.എ ഗാലറികളിലെ സ്ഥിര സാന്നിധ്യമായിരുന്നു കോബി.

കുടുംബം

നർത്തകിയായ വനേസ ലെയ്നയെയാണ് വീട്ടുകാരുടെ കടുത്ത എതിർപ്പിനിടയിലും കോബെ ജീവിത സഖിയാക്കിയത്. നതാലിയ ഡിമാന്റെ, കോബിയോടൊപ്പം അപകടത്തിൽപ്പെട്ട ജിയാന്ന, ബിയാങ്ക ബെല്ല, കാപ്രി എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ.

ഓസ്കാർ തിളക്കവും

2018-ൽ ഓസ്‌കാർ പുരസ്‌കാരത്തിനും കോബി അർഹനായി. കോബി നിർമ്മിച്ച 'ഡിയർ ബാസ്‌കറ്റ്‌ ബാൾ' എന്ന അനിമേഷൻ ചിത്രത്തിനായിരുന്നു ഓസ്കാർ. കോബി എഴുതിയ കവിതയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്.