ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന ചൈനയിലെ വുഹാനിൽ നിന്ന് കഴിയുന്നത്ര ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഡൽഹിയിൽ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയത്തിനായിരിക്കും ഇതിന്റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.
ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ B747 വിമാനം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് പ്രത്യേക സർവീസ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം 81 പേർ ഇത് വരെ മരണത്തിന് കീഴടങ്ങിയതായാണ് ചൈനയുടെ ഔദ്യോഗിക കണക്ക്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ പ്രത്യേക വിമാനസർവീസ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ആവശ്യമെങ്കിൽ വൈദ്യസഹായം ലഭ്യമാക്കാൻ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരെ ലഭ്യമാക്കാമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.