തിരുവനന്തപുരം: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജൈവ ആയുധമാണോ എന്ന് സംശയിക്കുന്നതായി മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ഇക്കാര്യത്തിൽ വിശദ പഠനം വേണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'കൊറോണ വൈറസ് ആക്രമണം. ഇത് ഒരു ജൈവ ആയുധമായിരിക്കുമോ, ഏതെങ്കിലും കേന്ദ്രത്തിൽ നിന്നോ ലബോറട്ടറികളിൽ നിന്നോ പുറത്ത് ചാടിയതാണോ? വിഷയം ഗൗരവകരമായി പഠിക്കണം'. സെൻകുമാർ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ സെൻകുമാറിന്റെ ട്വീറ്റിനെ അക്ഷര തെറ്റുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ രംഗത്തെത്തി. മുന്ന് വരിപോസ്റ്റിൽ രണ്ട് അക്ഷരത്തെറ്റുകൾ എന്നാണ് കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെൻകുമാർ ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണെന്ന അഭിപ്രായം ഉയരുമ്പോഴും മിക്കവരും സെൻകുമാറിന്റെ ട്വീറ്റിലെ അക്ഷരതെറ്റുകളെയാണ് ട്രോളുകയാണ്.
അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരിൽ ആറ് പേരുടെ പരിശോധനാഫലം വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ സ്വദേശിയും ഇതിൽ പെടും.