തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നീക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ഗവർണറെ സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷം നൽകിയ നോട്ടീസിനെ അനുകൂലിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.. ഗവർണറെ നീക്കണമെന്ന പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ഭരണഘടന സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽത്തന്നെ ഉൾപ്പെടുത്തിയതെന്ന് രാജ്ഭവന് നൽകിയ മറുപടിയിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട് എന്നാണ് സൂചന. ഇത് സർക്കാർ നയമാണ്. ഭരണഘടന സംരക്ഷിക്കാനുള്ള നീക്കം കോടതിയലക്ഷ്യമാകില്ല. ഇതൊരു ഏറ്റുമുട്ടലിന് വേണ്ടിയുള്ള നീക്കമല്ല - എന്നും സർക്കാർ വ്യക്തമാക്കുന്നു.
എന്നാൽ നയപ്രഖ്യാപനത്തിന്റെ പൂർണരൂപം ഗവർണർ വായിക്കണമെന്ന് നിർബന്ധമില്ല. യോജിപ്പില്ലാത്ത ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം.