cims-

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായി കേരളാ പൊലീസ്. സെൻട്രൽ ഇന്റർഷന്‍ മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനമാണ് കേരളം.

പുതിയ സംവിധാനം നടപ്പിലാകുന്നതോടെ നിങ്ങളുടെ സ്ഥാപനം ആരെങ്കിലും ആക്രമിച്ചാൽ മൂന്ന് മുതൽ ഏഴ് സെക്കന്റിനകം സി.ഐ..എം.എസ് കൺട്രോൾ റൂമിൽ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കാണാൻ കഴിയും. ഉടൻതന്നെ സി.ഐ.എം.എസ് കൺട്രോൾ റൂമിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് ഈ വിവരം റിപ്പോർട്ട് ചെയ്യപ്പെടും. പൊലീസ് സ്‌റ്റേഷനിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷൻ മാപ്പ് മുതലായ വിവരങ്ങൾ കൈമാറുകയും ചെയ്യും. തത്സമയം തന്നെ പൊലീസ് എത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള പൊലീസ് തയാറാക്കിയ ഈ പദ്ധതി കെൽട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.ഐ.എം.എസ് കൺട്രോൾ റൂം കേരള പൊലീസിന്റെയും കെൽട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവർത്തിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ,​ ഫ്ലാറ്റുകൾ, ഓഫീസുകൾ, ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സി.ഐ.എം.എസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്ഥാപനം സി.ഐ.എം.എസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാൽ കൺട്രോൾ റൂമിലുള്ള പ്രത്യേകതരം ഹാർഡ് വെയറും വീഡിയോ മാനേജ്‌മെന്റ് സിസ്റ്റവും നിങ്ങളുടെ സ്ഥാപനത്തിൽ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെൻസറുകളും കാമറകളും ഇന്റർഫേസിങ് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കും. ഇത്തരത്തിൽ കണക്ഷൻ നിലനിൽക്കുന്നതിനാൽ ഏത് സമയത്തും നിങ്ങളുടെ സ്ഥാപനം പൊലീസ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.

പദ്ധതി നടപ്പിലാകുന്നതോടെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും.
നിങ്ങളുടെ സ്ഥാപനം CIMS മായി കണക്ട് ചെയ്താൽ എല്ലാ മൂന്ന് മിനിട്ടിനിടയിലും ഒരിക്കൽ നിങ്ങളുടെ സ്ഥാപനവും CIMS കൺട്രോൾ റൂമുമായി സിസ്റ്റം ഹെല്‍ത്ത് ചെക്ക്അപ് നടക്കുന്നതുകൊണ്ട് നിങ്ങളുടെ സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും എക്യുപ്‌മെന്റ് പ്രവർത്തനരഹിതമായാൽ തത്ക്ഷണം ആ വിവരം കൺട്രോൾ റൂമിൽ അറിയുകയും ഉടൻതന്നെ സർവീസ് എഞ്ചിനീയർ സ്ഥലത്തെത്തി അത് പരിഹരിക്കുകയും ഈ വിവരം സ്ഥാപനമുടമയ്ക്ക് എസ്.എം.എസ് ആയി അറിയിപ്പ് ലഭിക്കുന്നതുമാണ്.