ramesh-chennithala

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണ്. കേരള ബാങ്ക് രൂപീകരണത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്‌ക്കല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരള ബാങ്കിനെതിരെ രംഗത്തെത്തി. ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളിൽ ക്രമക്കേട് നടത്തിയെന്നും ഇതിൽ ആർ.ബി.ഐ അന്വേഷണം നടത്തണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളാ ബാങ്കിനോടുള്ള പ്രതിപക്ഷ നിലപാടിനെതിരെ മുഖ്യമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം സഹകരണമേഖലയുടെ വളർച്ചയ്ക്ക് നല്ല സംഭാവന നൽകിയിട്ടുണ്ട്. മാറ്രങ്ങളോട് നമ്മൾ മുഖം തിരിക്കരുത്. സഹകരണ മന്ത്രിയുമായി ചർച്ച ചെയ്യാൻ അവർ തയ്യാറാകണം. സഹകരണ മന്ത്രിയുമായുള്ള ചർച്ച തൃപ്തികരമല്ലെങ്കിൽ ചർച്ചയ്ക്ക് താൻ എപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാതെ നിൽക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. കേരള ബാങ്ക് കേരളത്തിന്റെ മുഴുവൻ ബാങ്കാണെന്നും ഏതെങ്കിലും ഒരു പ്രദേശമൊഴികെ പരിധിയുള്ള ബാങ്കല്ലെന്നും അദ്ദേഹം പറഞ്ഞു. 5000 കോടി രൂപയുടെ ഹ്രസ്വകാല വായ്പയാണ് കേരള ബാങ്ക് അനുവദിക്കുന്നത്. കേരള ബാങ്കിലൂടെയുള്ള കാർഷിക വായ്പകളുടെ പലിശ നിലവിലുള്ളതിനെക്കാൾ ഒരു ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.