തിരുവനന്തപുരം: ചാക്കയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ചാക്ക ഫ്ളൈഓവർ തുറന്നു. ഞായറാഴ്ചയാണ് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചാക്ക മുതൽ ഈഞ്ചയ്ക്കൽ വരെയുള്ള ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നത്. ദേശീയപാത അതോറിട്ടിയുടെ പ്രോജക്ടയായതിനാൽ ഔദ്യോഗിക ചടങ്ങൊന്നുമില്ല. ബൈപ്പാസിൽ വൈദ്യുതീകരണവും പൂർത്തിയാക്കി. ചാക്കയിലെ സതീന്ദ്ര ആഡിറ്റോറിയത്തിന് മുന്നിൽ തുടങ്ങി എസ്.പി.എസ് കിംഗ്സ്വേ ഹോട്ടലിന് സമീപം ഫ്ളൈഓവർ അവസാനിക്കും. ഇരുവശത്തും മൂന്നര മീറ്റർ വീതിയുള്ള രണ്ട് സ്ളിപ്പ് റോഡുകളുണ്ട്. ഈ സ്ളിപ്പ് റോഡുകളിലൂടെ ഫ്ളൈഓവറിലേക്ക് പ്രവേശിക്കാം. സ്ളിപ്പ് റോഡുകളുടെ പണി ഈയാഴ്ച അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ അറിയിച്ചു.
ചെലവ് 172 കോടി
കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള എൻ.എച്ച് ബൈപാസിന് 669 കോടിയാണ് ആകെ എസ്റ്റിമേറ്റ് തുക. ഇതിൽ 172 കോടിയാണ് ചാക്ക- ഈഞ്ചയ്ക്കൽ ഫ്ളൈഓവറിന് വേണ്ടി ചെലവിട്ടത്. ഒമ്പത് മീറ്റർ വീതമുള്ള രണ്ട് ലൈനുകളായി പോകുന്ന ഫ്ളൈ ഓവറിന്റെ വീതി 19.6 മീറ്ററാണ്. മീഡിയനും വശങ്ങളിൽ ക്രാഷ് ബാരിയറുമുണ്ട്. വൻകിട കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനായിരുന്നു നിർമ്മാണ ചുമതല. വിമാനത്താവളത്തിന്റെ ടെർമിനൽ 2ന്റെ അപ്രോച്ച് റോഡിന് സമാന്തരമായാണ് ഫ്ളൈഓവർ നിർമ്മിച്ചിരിക്കുന്നത്.
കഴക്കൂട്ടം - കാരോട് ബൈപ്പാസ്
43.62 കിലോമീറ്റർ റോഡ്
സർവീസ് റോഡുകളടക്കം 45 മീറ്റർ വീതി
കഴക്കൂട്ടം - മുക്കോല വരെ ചെലവ് 700 കോടി
മുക്കോല - കാരോട് വരെ 494 കോടി
ചാക്ക - ഈഞ്ചയ്ക്കൽ ഫ്ലൈ ഓവർ വിശേഷം
നീളം: 1.05 കിലോമീറ്റർ
2018ൽ പണി തുടങ്ങി
കഴക്കൂട്ടം- കാരോട് ബൈപ്പാസ്
റൂട്ടിലെ ഏറ്റവും വലിയ ഫ്ളൈ ഓവർ
25 മീറ്റർ നീളമുള്ള 42
സ്പാനുകളിലായാണ് നിർമ്മാണം
ഈഞ്ചയ്ക്കലിൽ പണി പാളും !
ചാക്ക മേൽപ്പാലം തുറന്ന് കൊടുത്തതോടെ ബൈപ്പാസിലെ ഗതാഗതത്തിന് വെല്ലുവിളിയുയർത്തുന്നത് ഈഞ്ചയ്ക്കൽ ജംഗ്ഷനാണ്. ഇവിടെ നിർമിക്കാൻ തീരുമാനിച്ചിരുന്ന അണ്ടർപാസ് പ്രാദേശിക എതിർപ്പിനെ തുടർന്ന് ദേശീയപാത അതോറിട്ടി ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇത് വലിയ ഗതാഗതപ്രശ്നമായി മാറുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പടിഞ്ഞാറേക്കോട്ട, വള്ളക്കടവ്, അട്ടക്കുളങ്ങര ബൈപ്പാസ് എന്നീ റോഡുകളിലെല്ലാം വാഹനങ്ങൾ കുടുങ്ങിക്കിടക്കും. അണ്ടർപാസോ ഫ്ലൈഓവറോ ഇല്ലെങ്കിൽ ഈ പ്രശ്നത്തിന് യാതൊരു പരിഹാരവും ഉണ്ടാവില്ലെന്നും പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഈഞ്ചയ്ക്കലിലെ അണ്ടർപാസ് പദ്ധതി നടപ്പാക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് ദേശീയപാത അതോറിട്ടി വൃത്തങ്ങളും സൂചിപ്പിച്ചു.