തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിന് സുരക്ഷാ കവചമൊരുക്കാൻ ലുക്കിലും ആക്ഷനിലും പുത്തൻ സ്റ്റൈലുമായി പൊലീസിന്റെ ബൈപാസ് ബീക്കൺ ഫോഴ്സെത്തുന്നു. വിവിധ റിസർവ്ഡ് പൊലീസിൽ നിന്നാണ് ബീക്കൺ അംഗങ്ങളെ തിരഞ്ഞെടുത്തത്. പട്ടാളക്കാരുടേതിന് സാമ്യമുള്ള ഡസർട്ട് നിറത്തിലുള്ള യൂണിഫോമും ബേസ് ബാൾ തൊപ്പിയും, കറുത്ത ബെൽറ്റുമാണ് വേഷം. 45 അംഗ സേനയിൽ എട്ട് പേർ വനിതകളാണ്.
നാല് ബീക്കൺ വാഹനങ്ങളിലായാണ് സംഘം പട്രോളിംഗ് നടത്തുന്നത്. ഒരു വാഹനത്തിൽ നാലു മുതൽ അഞ്ച് പേരുണ്ടാകും. ഉടൻ ഒരു വാഹനം കൂടി നിരത്തിലിറങ്ങും. 24x7 സുരക്ഷയാണ് ബീക്കൺ പൊലീസ് ഉറപ്പു നൽകുന്നത്. വിഴിഞ്ഞം തുറമുഖം, കോവളം അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രം, വിമാനത്താവളം, ടെക്നോപാർക്ക് എന്നിങ്ങനെയുള്ള സുപ്രധാന കേന്ദ്രങ്ങളുള്ള ഇന്റർനാഷണൽ മെട്രോ കോറിഡോറായി ബൈപാസിനെ കണ്ടാണ് സുരക്ഷ വർദ്ധിപ്പിച്ചത്. കുറ്റകൃത്യമോ അപകടമോ ഉണ്ടായാൽ ഒരു മിനിട്ടിനകം പൊലീസ് സാന്നിദ്ധ്യം ഉറുപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാന കർത്തവ്യം. വൈകാതെ സംസ്ഥാനത്തെ എല്ലാ ബൈപാസിലും ബീക്കൺ പൊലീസെത്തും. ബീക്കൺ ടീം എത്തിയതോടെ ബൈപാസിലെ ഹൈവേ പൊലീസിനെ പിൻവലിച്ചു.
ഓരോ ടീമിനും അനുവദിച്ചിട്ടുള്ള പരിധിയിൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ ഇടപെടാനും കുറ്റക്കാരെ പിടിക്കാനുമുള്ള അധികാരവും നൽകിയിട്ടുണ്ട്. പുതുവർഷം മുതൽ ബീക്കൺ ടീം നിരത്തിലുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗിക യൂണിഫോം നൽകി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇവരെ ഡ്യൂട്ടിക്കയച്ചു. ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
നടപ്പായത് മുഖ്യമന്ത്രിയുടെ നിർദ്ദേശം
കോവളത്തെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ബൈപാസിലെ പൊലീസിന്റെ അസാന്നിദ്ധ്യം മനസിലാക്കിയത്. ബൈപ്പാസിൽ സുരക്ഷയൊരുക്കാൻ പകരം സംവിധാനമൊരുക്കണമെന്ന നിർദ്ദേശം അദ്ദേഹം ഡി.ജി.പിക്ക് നൽകി. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം അന്നത്ത സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറാണ് ബൈപാസ് ബീക്കൺ എന്ന പേരിൽ പട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്ന പദ്ധതി അവതരിപ്പിച്ചത്.
അടുത്തത് സുരക്ഷ പോർട്ട് ടു പാർക്ക്
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പുരോഗതിക്കനുസരിച്ച് ഒരു ടീം ബൈപാസ് ബീക്കൺ ടീം കൂടി നിരത്തിലിറങ്ങും. ഇതോടെ പോർട്ട് ടു പാർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് സിറ്റി പൊലീസ് കരുതുന്നത്. ജനങ്ങളുടെ വിശ്വാസ്യത നേടുന്ന പ്രവർത്ത മികവ് പുലർത്താനാണ് ടീം അംഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കാമറകൾ കൺട്രോൾ റൂമിൽ ലൈവ്
ബീക്കൺ പൊലീസിന്റെ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം അത്യാധുനിക വെഹിക്കിൾ മൗണ്ടഡ് കാമറകളുണ്ട്. ഇവ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ലൈവായി കൺട്രോൾ റൂമിൽ കാണാം. നിയമ ലംഘനമുൾപ്പെടെയുള്ളവ തെളിവാകുമെന്ന് സാരം.
ബൈപാസിന്റെ ഓരത്തു കൂടി മെല്ലെയാകും ബീക്കൺ വാഹനങ്ങൾ നീങ്ങുന്നത്. ഹെൽമെറ്റില്ലാത്ത ഇരുചക്രവാഹനക്കാരെ കണ്ടാൽ ചാടിയിറങ്ങി കൈകാണിക്കുകയോ ചെയ്സ് ചെയ്യുകയോ ഇല്ല. പകരം പെറ്റി എഴുതി ഫോട്ടോ സഹിതം വീട്ടിലെത്തിച്ചേക്കും. ഒരു ദിവസം നിശ്ചിത കുറ്റകൃത്യം കണ്ടെത്തണമെന്നോ പിഴ ഈടാക്കണമെന്നോ ഉള്ള ടാർജറ്റുകൾ ഇവർക്കില്ല. ഇന്നലെ ചാക്ക ഫ്ളൈഓവറിൽ ഒരു ആട്ടോറിക്ഷ മറിഞ്ഞപ്പോൾ ഓടിയെത്തിയത് ബീക്കൺ പൊലീസായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ബീക്കൺ ടീമുകളുടെ സഞ്ചാരം
ടീം ഒന്ന് -കോവളം മുതൽ തിരുവല്ലം വരെ
ടീം രണ്ട്- തിരുവല്ലം മുതൽ അനന്തപുരി ആശുപത്രി വരെ
ടീം മൂന്ന് - അനന്തപുരി മുതൽ മുക്കലോയ്ക്കൽ വരെ
ടീം നാല് - മുക്കോലയ്ക്കൽ മുതൽ വെട്ടുറോഡ് വരെ
പൊലീസെത്തിയപ്പോൾ ഒഴിഞ്ഞത് ഭയം
l 24 മണിക്കൂറും പൊലീസെത്തിയതോടെ യാത്രക്കാരുടെ ഭയം ഒഴിഞ്ഞു
l രാത്രിയാത്രയിൽ അപകടമുണ്ടായാൽ ഓടിയെത്താൻ പൊലീസ്
l വിദേശ വിനോദസഞ്ചാരികൾക്ക് സുരക്ഷ കൂടി
l ബൈപാസ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ കുറയും
ഇത്രത്തോളം അന്താരാഷ്ട്ര പ്രാധാന്യമുള്ള ബൈപാസ് സംസ്ഥാനത്ത് വേറെയില്ല. അതുകൊണ്ടുതന്നെ ഇവിടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശമാണ് യാഥാർത്ഥ്യമായത്". - ഡി.കെ. പൃഥ്വിരാജ്, സി.ഐ, കൺട്രോൾ റൂം