തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങളിൽ മനം നൊന്ത് അതിനെതിരെ പ്രതികരിക്കണമെന്നുറച്ച് വിദ്യാർത്ഥികളിൽ അവബോധന സന്ദേശം പകർന്ന് ഒരു പതിനൊന്നു വയസുകാരി. വാർത്തകളിൽ നിന്നറിഞ്ഞ ദാരുണ സംഭവങ്ങളിൽ മനസു വേദനിച്ചാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹയാബിന്ദ് ഗീതുകിരൺ വിദ്യാർത്ഥികളോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നത്. ഇതിനായി മാതാപിതാക്കളുടെ സഹായത്തോടെ താൻ തയ്യാറാക്കിയ ഡോക്യുമെന്ററി വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കുകയാണ് ഹയാബിന്ദ്. അഞ്ചു മാസത്തിനിടെ തിരുവനന്തപുരം ജില്ലയിലെ പത്തോളം സ്കൂളുകളിൽ ഹയ തന്റെ ഡോക്യുമെന്ററിയുമായി എത്തിക്കഴിഞ്ഞു.
ഡോക്യുമെന്ററി പ്രദർശനത്തിനു ശേഷം വിദ്യാർത്ഥികളോട് തങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനെ കുറിച്ച് ഹയ സംസാരിക്കും. പരസ്പര സ്നേഹവും രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനായി പ്രതിജ്ഞയെടുക്കുകയും സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നടുകയും ചെയ്യും.
പത്രവാർത്തകളിൽ നിരന്തരം പീഡന, അക്രമ സംഭവങ്ങൾ നിറഞ്ഞു കൊണ്ടിരിക്കേ ഇതിനെ എങ്ങനെ എതിരിടാമെന്ന് ഹയ മാതാപിതാക്കളോട് ചോദിച്ചതിൽ നിന്നാണ് ഡോക്യുമെന്ററി എന്ന ആശയം ഉടലെടുത്തത്.
'മൈ ഇന്ത്യ, മൈ ഡ്രീം മിഷൻ പ്ലഡ്ജ്' എന്നു പേരിലുള്ള ഡോക്യുമെന്ററിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, ലഹരി ഉപയോഗം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഗൗരവമേറിയ പ്രശ്നങ്ങളാണ് വിഷയമാക്കിയിട്ടുള്ളത്. 22 മിനിറ്റാണ് ദൈർഘ്യം. അച്ഛൻ കിരണും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ അമ്മ ഗീതു എസ്.പ്രിയയുമാണ് ഡോക്യുമെന്ററി നിർമ്മാണത്തിൽ ഹയയെ സഹായിച്ചത്.
നടി രജിഷ വിജയനാണ് ഡോക്യുമെന്ററിയുടെ ആമുഖഭാഷണം നടത്തിയിട്ടുള്ളത്.
അച്ഛനോടൊപ്പം സ്കൂളുകൾ സന്ദർശിച്ചാണ് ഹയ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് വരുന്നത്. ഇതുവരെ സന്ദർശിച്ച സ്കൂളുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സന്ദേശം കൂടുതൽ കുട്ടികളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഹയ പറഞ്ഞു.