തിരുവനന്തപുരം : ആദ്ധ്യാത്മികാചാര്യനും ഭാഷ്യകാരനുമായ പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ഒൻപതാം സ്മാരക പ്രഭാഷണം ഫെബ്രുവരി 2, 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
ഇതോടനുബന്ധിച്ച് പുത്തൻചന്ത ഗാന്ധാരി അമ്മൻ കോവിലിലെ പൗർണമി മന്ദിരത്തിൽ നടക്കുന്ന ജ്ഞാനയജ്ഞത്തിൽ സ്വാമി ദുർഗാനന്ദ സരസ്വതി 'സ്വരൂപബോധ ഉപനിഷത്തി"നെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ദിവസവും വൈകിട്ട് 6 മുതൽ 7.30 വരെയാണ് പ്രഭാഷണം.
പ്രൊഫ. ബാലകൃഷ്ണൻ നായർ രചിച്ച ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സി.ഡികളും യജ്ഞസ്ഥലത്ത് ലഭിക്കും. ശ്രീനാരായണ ഗുരുദേവ കൃതികൾ സമ്പൂർണ വ്യാഖ്യാനം, ഭഗവത്ഗീത ശിവാരവിന്ദം മഹാഭാഷ്യം, വേദാന്തദർശനം ഉപനിഷദ് സ്വാദ്ധ്യായം (മൂന്നുഭാഗങ്ങൾ), ഭാഷ്യപ്രദീപം ബ്രഹ്മസൂത്ര ഭാഷാനുവാദം, വാസിഷ്ഠസുധ - യോഗവാസിഷ്ഠസാരം, ഭാഗവതഹൃദയം, രണ്ടു വിദ്യാരണ്യ കൃതികൾ (പഞ്ചദശി, ജീവൻമുക്തി വിവേകം), രണ്ടു മലയാള മാമറകൾ (ഹരിനാമ കീർത്തനം, ജ്ഞാനപ്പാന), പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്നിവയാണ് പ്രൊഫ. ബാലകൃഷ്ണൻ നായരുടെ രചനകൾ. പല തലമുറകൾക്കും വിദ്യ പകർന്നു നൽകിയ കോളേജ് പ്രൊഫസർ, മഹാഭാഷ്യകാരൻ, വിഖ്യാതനായ വേദാന്ത പ്രഭാഷകൻ എന്നീ നിലകളിൽ ലബ്ധ പ്രതിഷ്ഠ നേടിയ പ്രൊഫ. ബാലകൃഷ്ണൻ നായർ ആധുനിക കേരളം കണ്ട ഏറ്റവും വലിയ വേദാന്താചാര്യനാണ്. 'ആധുനികകാലത്തെ രമണമഹർഷി" എന്നാണ് അദ്ദേഹത്തെ സത്യാന്വേഷികൾ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് പ്രൊഫ. ജെ. ലളിത എഴുതിയ 'പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ", ബി.ആർ. രാജേഷ് എഴുതിയ 'സ്ഥിതപ്രജ്ഞൻ" എന്നീ രണ്ടു പുസ്തകങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.