
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്(73) അന്തരിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിതയാണ് ജമീല മാലിക്. ദുരിത ജീവിതമായിരുന്നു അവസാന കാലത്തുണ്ടായിരുന്നത്. ഏകമകനുമൊത്ത് തിരുവനന്തപുരം ബീമാപള്ളിക്കടുത്ത് വാടക വീട്ടിലായിരുന്നു താമസം.
സിനിമയിൽ മാത്രമല്ല സീരിയലുകളിലും ജമീല അഭിനയിച്ചിട്ടുണ്ട്. റേഡിയോ നാടക രചയിതാവുമായിരുന്നു. ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 'ജയ് ജവാൻ ജയ് മഖാൻ', 'വിലാപ്' തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങളിലെത്തി. 'റാഗിംഗ്' ആയിരുന്നു ആദ്യപടം. ആദ്യത്തെ കഥ, രാജഹംസം,ലഹരി, കഴുകൻ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി.