ലോകമെമ്പാടും ഇന്ത്യയുടെ പ്രതീകമായി പറന്നുനടന്ന എയർ ഇന്ത്യയും മഹാരാജാവിന്റെ ചിഹ്നവും മാനത്ത് നിന്ന് മായുകയാണ്... നഷ്ടത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാനാവാതെയുള്ള പതനം. എയർ ഇന്ത്യയുടെ
ചരിത്രം ഇന്ത്യൻ വ്യോമയാന ചരിത്രം കൂടിയാണ്...
ലോകത്തെ പ്രമുഖ വിമാനക്കമ്പനികളിലൊന്നും ഇന്ത്യയുടെ അഭിമാനവുമായിരുന്ന എയർ ഇന്ത്യ നഷ്ടക്കച്ചവടമാകാൻ നിരവധി കാരണങ്ങളുണ്ട്. 2004ൽ അന്നത്തെ യു.പി.എ സർക്കാരിന്റെ ഒരു തീരുമാനത്തിൽ തുടങ്ങിയ തിരിച്ചടിയിൽ നിന്ന് പിന്നെ എയർ ഇന്ത്യ കരകയറിയില്ല. 28 പുതിയ വിമാനങ്ങളുടെ ഓർഡർ കേന്ദ്രസർക്കാർ 68 ആക്കിയതിലൂടെ 50,000 കോടിയുടെ ബാദ്ധ്യത അന്നുണ്ടായി. കഴിഞ്ഞ ദശാബ്ദത്തിൽ എയർ ഇന്ത്യ കുറിച്ച മൊത്തം നഷ്ടം 69,575 കോടി രൂപ. മൊത്തം കടബാദ്ധ്യത 80,000 കോടി രൂപയോളം.
2011-12ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് കമ്പനിയുടെ പ്രവർത്തനം. ഓഹരി വിറ്റൊഴിയലിന് മുമ്പായി വായ്പാ ബാദ്ധ്യതയുടെ മുഖ്യപങ്കും തീർക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിട്ടുണ്ട്. ഉപസ്ഥാപനമായ എയർ ഇന്ത്യ അസറ്ര് ഹോൾഡിംഗ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ) മുഖേന കടപ്പത്രങ്ങളിലൂടെ 30,000 കോടി രൂപ സർക്കാർ സമാഹരിച്ചിട്ടുണ്ട്. ഈ പണം കടം വീട്ടാൻ ഉപയോഗിക്കും.
വിറ്റൊഴിയുന്നതിന് മുമ്പായി എയർ ഇന്ത്യയിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ കേന്ദ്ര മന്ത്രിതല സമിതി അനുമതി നൽകിയിരുന്നു. കടം കുറയ്ക്കാനാണിത്. ഇതുവഴി നിക്ഷേപകരെ ആകർഷിക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
നഷ്ടപ്രയാണം
2018ൽ 5,337 കോടി രൂപയായിരുന്നു വായ്പ കൈകാര്യം ചെയ്യുന്ന ചെലവ് 2019ൽ 8,400 കോടിയായി.
5,000 കോടിയുടെ കുടിശികയെ തുടർന്ന് കമ്പനിക്ക് ഇന്ധനം നൽകിയിരുന്ന മൂന്ന് എണ്ണക്കമ്പനികൾ കഴിഞ്ഞ ആഗസ്റ്റിൽ ആറ് വിമാനത്താവളങ്ങളിൽ സപ്ളൈ നിറുത്തി.
വിമാന ഇന്ധനവിലയിലുണ്ടായ കനത്ത വിലക്കയറ്റം.
ബാലാക്കോട്ട് ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്റെ വ്യോമ ഉപരോധം മൂലം നാല് മാസം കൊണ്ട് എയർ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 430 കോടി രൂപ.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നിരവധി വിമാനങ്ങൾ പറപ്പിക്കാനായിട്ടില്ല.
മറ്റ് വിമാനക്കമ്പനികൾ നിരക്ക് കുറച്ചത് കൂനിന്മേൽ കുരുവായി.
കഴിഞ്ഞ വർഷത്തേക്കാൾ വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് എയർ ഇന്ത്യയുടെ വരുമാനവും കുറച്ചു.
എയർ ഇന്ത്യയുടെ മെച്ചങ്ങൾ
മികച്ച വിമാനങ്ങളും പരിചയസമ്പന്നരായ ജീവനക്കാരും
ലോകത്തെ പരിപാലന ചെലവും ഏറ്റവും കുറവുള്ള എയർലൈൻ.
വിമാനക്കമ്പനികളുടെ ആഗോള സഖ്യമായ സ്റ്റാർ അലയൻസിന്റെ ഭാഗമായ ഏക വിമാനക്കമ്പനി
ആഭ്യന്തര, വിദേശ എയർപോർട്ടുകളിൽ മൂല്യമേറിയ സ്ളോട്ടുകൾ എയർ ഇന്ത്യയ്ക്ക് സ്വന്തം.
കര കയറുന്ന ലക്ഷണങ്ങൾ
എയർ ഇന്ത്യയുടെ പ്രവർത്തന നഷ്ടം നടപ്പുവർഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവിൽ 40 ശതമാനം കുറഞ്ഞു. ഇത് നിക്ഷേപകരെ ആകർഷിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
മുൻവർഷത്തെ സമാന കാലയളവിലെ 1,960 കോടി രൂപയിൽ നിന്ന് 1,045 കോടി രൂപയായാണ് പ്രവർത്തനം നഷ്ടം താഴ്ന്നത്. പലിശ ബാദ്ധ്യതയിൽ ഉണ്ടായ കുറവാണ് സഹായകമായത്.
ഓരോ കിലോമീറ്ററിനും യാത്രികരിൽ നിന്ന് കമ്പനി നേടുന്ന വരുമാനത്തിലും ഉണർവുണ്ട്. നടപ്പുവർഷം ഇതു വർദ്ധിച്ചത് 6.7 ശതമാനമാണ്. 8,556 കോടി രൂപയായിരുന്നു 2018-19ൽ എയർ ഇന്ത്യയുടെ നഷ്ടം. 2017-18ൽ നഷ്ടം 5,348 കോടി രൂപയായിരുന്നു.
ഇതുവരെ പറന്നത് സർക്കാർ തുണയോടെ
2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജിന്റെ ബലത്തിലാണ് ഇത്രയും നാൾ എയർ ഇന്ത്യ പറന്നത്. അന്ന് വകയിരുത്തിയ 30,231 കോടി രൂപ 2021 വരെ നൽകണം. 28,175 കോടി അനുവദിച്ചു കഴിഞ്ഞു. ഇനി ഈ ഫണ്ടിൽ 2000കോടിയോളം രൂപ മാത്രമാണ് അവശേഷിക്കുന്നത്.
പിന്നിട്ട വഴികൾ
1932 ടാറ്റാ കമ്പനിയുടെ കീഴിൽ ടാറ്റാ എയർലൈൻസ് ജെ.ആർ.ഡി. ടാറ്റ ആരംഭിച്ചു.
1948 മുംബയിൽ നിന്ന് ലണ്ടനിലേക്ക് വിദേശ സർവീസ് തുടങ്ങി.
1953ൽ ടാറ്റാ എയർലൈൻസിനെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് എയർ ഇന്ത്യയാക്കി.
1960 ആദ്യ ബോയിംഗ് വിമാനം സ്വന്തമാക്കി.
1962 ജെറ്റ് വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയായി.
1986 ആദ്യ എയർബസ് A310-300
1993 ന്യൂയോർക്ക് - ഡൽഹി റൂട്ടിൽ ബോയിംഗ് 747-400 ൽ നോൺസ്റ്റോപ്പ് ഫ്ളൈറ്റ്
1997 എയർ ഇന്ത്യ ഓൺലൈസ് സേവനം ആരംഭിച്ചു
2005 നിരക്ക് കുറഞ്ഞ സേവനങ്ങൾക്കായി എയർ ഇന്ത്യ എക്സ്പ്രസ് എന്ന കമ്പനിക്ക് തുടക്കം.
2012 സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകുന്നു. രാജ്യത്തെ വിമാനക്കമ്പനികളിൽ ഒന്നാം നിരയിൽ നിന്ന് നാലാം സ്ഥാനത്തേക്ക്.
2013 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുത്തൻ ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങൾ പാട്ടത്തിന് കൊടുത്തു. ക്കുകയും ചെയ്തു. എട്ട് ബോയിംഗ്777-200 വിമാനങ്ങൾ വിറ്റു.
2015 എയർ ഇന്ത്യയുടെ പ്രതിരൂപമായ മഹാരാജ ചിഹ്നത്തിന് മാറ്റം
2018 എയർ ഇന്ത്യയുടെ 76% ഓഹരികൾ വിൽക്കാൻ തീരുമാനം. പക്ഷേ വാങ്ങാൻ ആരും താല്പര്യം പ്രകടിപ്പിച്ചില്ല.