''ആ...."
ബലഭദ്രൻ തമ്പുരാന്റെ ദിഗന്തം പിളരുന്ന നിലവിളി മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു.
തെല്ലകലെ ഒരു മരത്തിൽ തലകീഴായി കിടന്നിരുന്ന വവ്വാലുകൾ ഭീതിയോടെ ചിറകടിച്ച് ഇളകിപ്പറന്നു.
ചുഴലിക്കാറ്റിൽ കരിയിലകൾ വട്ടം കറങ്ങിയുയരുന്നതു പോലെയായിരുന്നു അത്.
തീയിൽ ചവുട്ടി നിൽക്കുന്നതു കണക്കെ ബലഭദ്രൻ തുള്ളിപ്പിടഞ്ഞു.
കൈപ്പത്തികൾ തുളഞ്ഞുകയറിയ ആണികൾ മരത്തിലുറച്ചു.
അതുവഴി ചോര ചാലുകൾ തീർത്ത് ഒഴുകിവീണുകൊണ്ടിരുന്നു...
''മോളേ.. ചെറിയച്ഛനോട് ക്ഷമിക്കെടീ. എനിക്കുള്ളതെല്ലാം ഞാൻ നിന്റെ കാൽക്കൽ അടിയറവു വയ്ക്കാം..."
ബലഭദ്രൻ നിലവിളിച്ചു.
''നീയറിഞ്ഞോ. എന്റെ ദേവമോള് പോയെടീ. അവളുടെ സ്ഥാനത്തു നിർത്തി നിന്നെ ഞാൻ പൊന്നുപോലെവളർത്തിക്കോളാം."
പാഞ്ചാലി ചുണ്ടുകോട്ടി പുച്ഛിച്ചു.
''ദേവേച്ചിക്ക് അങ്ങനെയൊരു ഗതിയുണ്ടായെങ്കിൽ അതിന്റെ കാരണക്കാരൻ നിങ്ങൾ ഒരുത്തനാ ചെറിയച്ഛാ. നിങ്ങളുടെ കർമ്മഫലം. കാലം എക്കാലവും ദുഷ്ടന്മാരുടെ കൂടെ നിൽക്കില്ല എന്നതിന്റെ തെളിവ്. ഏതായാലും നിങ്ങൾക്ക് മാപ്പില്ല... ശരീരം തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും പാരവശ്യവും അറിയണം നിങ്ങളും. അല്ലാതെ നിങ്ങളെ പരലോകത്തേക്കയച്ചാൽ ഈശ്വരന്മാർ പോലും പൊറുക്കില്ല എന്നോട്."
''മോളേ..."
അയാളുടെ വിളി ശ്രദ്ധിക്കാതെ പാഞ്ചാലി വെട്ടിത്തിരിഞ്ഞു.
''കത്തിച്ചേര്... പക്ഷേ വനത്തിലേക്കു തീ പടരാതെ നോക്കണം."
അവൾ തന്റെ ആളുകളോടു പറഞ്ഞിട്ട് കുറച്ച് അകലേക്കുമാറി ഒരു വലിയ കല്ലിൽ ഇരുന്നു.
ആളുകൾ തമ്പുരാനു ചുറ്റും കൂടി. രണ്ടുപേർ ഒരു കാട്ടുവള്ളി ബലഭദ്രന്റെ കാലുകളിൽ ചുറ്റി മറ്റേയഗ്രം മരത്തിൽ ചേർത്തുകെട്ടി. അയാൾ അനങ്ങാതിരിക്കുവാൻ.
അപ്പോഴേക്കും അൻപതോളം പേർ, സ്‌ത്രീകളും കുട്ടികളും അടക്കം ഉണങ്ങിയ കാട്ടുകമ്പുകളുമായിവന്നു.
നാലഞ്ചുപേർ ചേർന്ന് അവ ബലഭദ്രനു ചുറ്റും അടുക്കുവാൻ തുടങ്ങി.
''വേണ്ട മോളേ... വേണ്ടാ..." ബലഭദ്രന്റെ ചിലമ്പിച്ച വിലാപം തുടർന്നുകൊണ്ടിരുന്നു.
ആരും അത് ചെവിക്കൊണ്ടില്ല.
അവർ മരത്തോടു ചേർത്ത് ബലഭദ്രന്റെ ശരീരത്തിൽ കഴുത്തോളം ഉയരത്തിൽ വിറകടുക്കി.
'സ്റ്റീംബാത്തി'നു നിർത്തിയിരിക്കുന്നതുപോലെ തോന്നിച്ചു ബലഭദ്രൻ.
''മതി."
പാഞ്ചാലി കൈ ഉയർത്തി.
അതോടെ വിറക് അടുക്കുന്നതു നിർത്തി.
അല്പം കരിയിലകളും ചെറുകമ്പുകളും അടുക്കിയ വിറകിനോടു ചേർത്തിട്ട് അവരിൽ ഒരാൾ തീപ്പെട്ടിയുരച്ചു.
കരിയിലയിൽ തീ പെട്ടെന്നു പടർന്നു.
മറ്റുള്ളവർ വൃക്ഷച്ചുവട്ടിൽ നിന്നു. തീ വനത്തിലേക്കു വ്യാപിക്കാതിരിക്കാൻ ഏകദേശം അഞ്ചടി അകലത്തിൽ വൃക്ഷത്തിനു ചുറ്റും തൂത്തു വൃത്തിയാക്കി.
കരിയിലകളിൽ നിന്നു ചെറുകമ്പുകളിലേക്കു തീ പിടിച്ചു തുടങ്ങി.
കാൽപ്പാദത്തിൽ നേരിയ ചൂട് അനുഭവപ്പെട്ടു ബലഭദ്രൻ തമ്പുരാന്.
''മോളേ... നീ ചോദിക്കുന്നതെന്തും തരാം ഞാൻ. ചെറിയച്ഛനെ കൊല്ലാതെടീ..."
അവസാന കച്ചിത്തുരുമ്പ് എന്നവണ്ണമായിരുന്നു ബലഭദ്രന്റെ യാചന.
''തരുമോ?"
പെട്ടെന്ന് പാഞ്ചാലി കല്ലിൽ നിന്ന് എഴുന്നേറ്റു.
''തരും." ബലഭദ്രന് ഒരു പ്രതീക്ഷ തോന്നി.
''എങ്കിൽ താ... എന്റെ പപ്പയേം... മമ്മിയേം... എന്റെ വിവേകിനെ താ... എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം തിരിച്ചുതാ...."
''മോളേ... ആകാശമടർത്തി കൈവള്ളയിൽ വച്ചുതരാൻ പറയുന്നതു പോലെയല്ലേടീ ഇത്?"
ബലഭദ്രന്റെ കണ്ണുകളിൽ നിന്ന് രണ്ട് നീർച്ചാലുകൾ കവിളിലേക്ക് ഒഴുകിയിറങ്ങി.
''അതെ."
പാഞ്ചാലി മുന്നോട്ടടുത്തു.
''നമുക്ക് തിരിച്ചുനൽകാൻ കഴിയാത്തതൊന്നും നശിപ്പിക്കരുത് ചെറിയച്ഛാ. ഇത് നിങ്ങൾ മരിക്കുന്നതിനു മുൻപ് തിരിച്ചറിയേണ്ട പാഠം."
പാഞ്ചാലി മറ്റുള്ളവർക്കു നേരെ തിരിഞ്ഞു.
''പോകാം."
പിന്നെ ആരും നിന്നില്ല അവിടെ... സകലരും നടന്നുപോയി.
കുറ്റിച്ചെടികളെ വകഞ്ഞുമാറ്റിക്കൊണ്ട്...
ഇപ്പോൾ അവിടെ മറ്റാരും വന്നതായി പോലും തോന്നുമായിരുന്നില്ല.
വിറകിൽ പിടിച്ച തീ ബലഭദ്രന്റെ മുട്ടോളം എത്തിക്കഴിഞ്ഞു. ഒന്നു പിടയുവാൻ പോലും കഴിഞ്ഞില്ല അയാൾക്ക്.
കാലുകളിലെ പച്ചമാംസത്തിലേക്ക് പഴുത്ത ലോഹത്തിൽ നിന്ന് എന്നവണ്ണം തീത്തുണ്ടുകൾ തുളഞ്ഞുകയറുവാൻ തുടങ്ങി.
അപ്പോൾ ബലഭദ്രന്റെ മനസ്സിൽ ചില ചിത്രങ്ങൾ മിന്നി.
രാമഭദ്രന്റെ...
വസുന്ധരയുടെ...
പിന്നെ പലപ്പോഴായി താൻ കൊന്നതും കൊല്ലിച്ചവരുടേതുമായ മുഖങ്ങൾ....
അവസാനം ചെമ്പിലിട്ടു പുഴുങ്ങിയ പ്രജീഷിന്റേതുവരെ....
തീ അരക്കെട്ടും കടന്ന് മുകളിലേക്കുയർന്നു.
പിന്നെയത് നെഞ്ചോളമായി...
സ്വന്തം മാംസം കരിയുന്ന ഗന്ധം തമ്പുരാനറിഞ്ഞു...
അവസാനം അയാളുടെ ശിരസ്സിനെയും തീ വന്നു മൂടി.
(തുടരും)