local

പത്തനാപുരം:മത്സ്യകൃഷി നടത്തി വന്ന പ്രവാസിയുടെ കുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തി. വിളവെടുക്കാൻ പാകമായ പതിനായിരത്തിലധികം മത്സ്യങ്ങളും മത്സ്യ കുഞ്ഞുങ്ങളും ചത്തുപൊങ്ങി. പാടം വെള്ളംതെറ്റി അശോക് ഭവനിൽ അനിൽ കുമാറിന്റെ ക്യഷിയിടത്തിലാണ് സംഭവം. രാവിലെ തീറ്റ കൊടുക്കാനായി കർഷകൻ എത്തിയപ്പോഴാണ് മുഴുവൻ മത്സ്യങ്ങളും ചത്ത് പൊങ്ങിയ നിലയിൽ കണ്ടത്.

മൂന്ന് കുളങ്ങളിലായി അൻപതിനായിരം മത്സ്യങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. നാളെ വിളവെടുക്കാനിരുന്ന കുളത്തിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.തിലോപ്പിയ, നട്ടർ, രോഹു ഇനത്തിൽപ്പെട്ട മീനുകളാണ് ചത്തത്.

ഒരെണ്ണം അര കിലോയ്ക് മുകളിൽ തൂക്കം വരുന്നതായിരുന്നു.5 ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ പറഞ്ഞു. ഇൻഷ്വറൻസ് എടുക്കാതിരുന്നതും തിരിച്ചടിയായി.

പ്രവാസ ജീവിതം കഴിഞ്ഞെത്തി കണ്ടെത്തിയ ജീവിതമാർഗ്ഗം

24 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ എത്തി ജീവിതമാർഗ്ഗത്തിനായി മത്സ്യ കൃഷി തുടങ്ങുകയായിരുന്നു. സമ്പാദ്യവും ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങളും പണയപ്പെടുത്തിയും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്. ഭാര്യയും മക്കളും സഹോദരീ ഭർത്താവുമാണ് കൃഷിയിൽ അനിൽകുമാറിനെ സഹായിച്ചിരുന്നത്. കർഷകർക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ടന്ന് പറയുമ്പോഴും അനിലിന് യാതൊരു ആനുകുല്യവും ലഭിച്ചിട്ടില്ല. ദുർഗന്ധം മൂലം ചത്തു പൊങ്ങിയ മത്സ്യങ്ങൾ കുഴിച്ചു മൂടി. പത്തനാപുരം പൊലീസിൽ പരായിയും നൽകി.