caa

മലപ്പുറം: പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ സ്ത്രീകൾ പങ്കെടുത്തതിനെ വിമർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രംഗത്ത്. സ്ത്രീകൾ പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകൾ സമരം ചെയ്യുന്നതിനായി പുരുഷന്മാരെ പോലെ തെരുവിലറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. കേരളത്തിൽ ലൗജിഹാദ് ആരോപണമുണ്ടെന്ന സിറോ മലബാർ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകർക്കുന്നവരുടെ മുമ്പിൽ വീഴരുതെന്നും കാന്തപുരം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സർവകലാശാലകളിലും സ്ത്രീകൾ അടക്കം തെരുവിലറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകളുടെ സമരത്തെ വിമർശിച്ച് കാന്തപുരം രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം സി.പി.എം സംഘടിപ്പിച്ച മനുഷ്യശൃംഖലയിലും മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങൾക്കൊപ്പം ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എ.പി വിഭാഗം സുന്നികൾ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം മുസ്ലിം ലീഗിനൊപ്പം നിൽക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മുജാഹിദ് വിഭാഗവും മനുഷ്യശൃംഖലയുടെ ഭാഗമായിരുന്നു.