sabarimala

ന്യൂഡൽഹി: ശബരിമലയുൾപ്പെടെ വിശ്വാസ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിൽ വാദം പത്തു ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. പരിഗണനാ വിഷയങ്ങളിൽ അഭിപ്രായ സമന്വയം ഉണ്ടായില്ല. ഇക്കാര്യം സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 23 ദിവസം വാദം ആകാമെന്നായിരുന്നു അഭിഭാഷകരുടെ യോഗത്തിലെ നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നില്ലെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. മറ്റ് മതങ്ങളുമായി ബന്ധപ്പെടുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഒന്‍പതംഗം ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്.

മുസ്‌ലിം, പാഴ്‌സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുൻപ് അഭിഭാഷകർ യോഗം ചേർന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു.