പാറ്റ്ന: എച്ച്.ഐ.വി ബാധിതയായ 22കാരിയായ വിധവയെ ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. പാറ്റ്ന-ബാബുഅ ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. രാത്രി 12മണിയോടെ ട്രെയിൻ അവസാന സ്റ്റോപ്പ് എത്തിയതോടെ രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാൾ ആക്രമിക്കുമ്പോൾ മറ്റൊരാൾ ഈ വീഡിയോ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തു.
ട്രെയിനിന്റെ വാതിലും ജനലും അടഞ്ഞ് കിടക്കുന്നതു കണ്ട് റെയിൽവെ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസിനെ കണ്ടതോടെ ഒരാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയോടി. പിന്നീട് രണ്ട് പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. എച്ച്.ഐ.വി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറൽ തെറപ്പി സെന്ററിൽനിന്ന് മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിൻ കുദ്രയിലെത്തിയപ്പോൾ യുവതിയും പ്രതികളും കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായി. ഈ അവസരത്തിലാണ് ഇവർ യുവതിയെ ബലാത്സംഗം ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി, 34 വകുപ്പുകൾ, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 എ എന്നിവ പ്രകാരം ബലാത്സംഗം, ചിത്രീകരണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്ന് റെയിൽവെ പൊലീസ് അറിയിച്ചു. കെയ്‌മൂർ ജില്ലയിലെ കുദ്ര മാർക്കറ്റിലെ ചൈതി മുഹല്ല നിവാസികളായ ബിരേന്ദ്ര പ്രകാശ് സിംഗ് (30), ദീപക് സിംഗ് (30) എന്നിവരാണ് പ്രതികൾ.