launch

ഇവിടെ 10 രൂപയ്ക്ക് ഉച്ച ഭക്ഷണം. വിശ്വസിക്കാതെ തരമില്ല. ഓരോ പാത്രത്തിലും രണ്ട് ചപ്പാത്തി, പരിപ്പ് കറി, കുറച്ച്‌ ചോറ്, പച്ചക്കറി എന്നിവയാണ് ഉണ്ടാവുക. ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണിവരെയാണ് ഭക്ഷണ സമയം. മഹാരാഷ്ട്ര സർക്കാരാണ് ഇത്തരത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് ആരംഭം കുറിച്ചത്. ഇപ്പോള്‍ പൈലറ്റ് പദ്ധതിക്കാണ് തുടക്കമായത്. മൊത്തം 50 രൂപയുടെ ഭക്ഷണമാണ് ഒരാള്‍ക്ക് നല്‍കുക. അതില്‍ 40 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

ശിവ്ഭോജൻ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പ്രതിദിനം തിരഞ്ഞെടുക്കപ്പെട്ട എല്ലാ കാന്റീനിലും 500 ഊണ് വീതം ഈ വിഭാഗത്തില്‍ നല്‍കാനാണ് നീക്കം. 6.4 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. തുടക്കത്തില്‍ 50 ശിവ്‌ഭോജന്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും ആളുകളുടെ പ്രതികരണം അറിഞ്ഞശേഷം ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജാതി മത ഭേദമന്യേ എല്ലാവർക്കും മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

71ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാറാണ് പദ്ധതിക്ക് തുടക്കമിട്ടത്. ജാതി, മത, വര്‍ഗ, സാമ്പത്തിക ഭേദമന്യേ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഗുണമേന്‍മയുള്ള ഭക്ഷണം നല്‍കുകയാണ് ശിവ്‌ഭോജന്റെ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനത്തിനു ശേഷം ടൂറിസം, പരിസ്ഥിതി മന്ത്രി കൂടിയായ ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. എല്ലാ ജില്ലകളിലും നിശ്ചിത സമയത്താണ് ഭക്ഷണമെത്തിക്കുക. നിയുക്ത കേന്ദ്രങ്ങള്ലും കാന്റീനിലുമാണ് ഭക്ഷണം. ശിവസേനയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി.