സർക്കിരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ ശ്രീനിവാസൻ രംഗത്ത്. ജനങ്ങൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങളായ നല്ല ഭക്ഷണമോ ശുദ്ധജലമോ നൽകാൻ കഴിയാത്ത സർക്കാർ എന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നതെന്ന് ശ്രീനിവാസൻ വിമർശിച്ചു. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ താരപകിട്ടിലാണ് സർക്കാരിനെ കടുത്ത ഭാഷയിൽ ശ്രീനി വിമർശിച്ചത്. വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയിൽ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധനങ്ങളുണ്ട്. പക്ഷേ അത് കാര്യമാത്രപ്രധാനമായ രീതിയിൽ നടക്കുന്നില്ലെന്നും, ജലം ശുദ്ധീകരിക്കുന്നതിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ളോറിനേഷൻ മാത്രമാണ് വാട്ടർ അതോറിറ്റി ചെയ്യുന്നതെന്നും നടൻ പറഞ്ഞു.
ശ്രീനിവാസന്റെ വാക്കുകൾ-
'മനുഷ്യന് നിലനിൽക്കണമെങ്കിൽ വേണ്ടത് ഭക്ഷണമാണ്. നല്ല ഭക്ഷണം കൊടുക്കാൻ ഏതെങ്കിലും തല്ലിപൊളികൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയിൽ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധനങ്ങളുണ്ട്. പക്ഷേ അത് കാര്യമാത്രപ്രധാനമായ രീതിയിൽ നടന്നിട്ടില്ല. നല്ല വെള്ളം കൊടുക്കുന്നുണ്ടോ? എറണാകുളം ആളല്ലോ ഇത്. ഇവിടെ ജനങ്ങൾ കുടിക്കുന്നത് പെരിയാറിലെ വെള്ളമാണ്. ക്ളോറിനേഷൻ എന്നു പറയുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് വാട്ടർ അതോറിറ്റി പറയുന്നതും, ആളുകളെ കൊണ്ട് കുടിപ്പിക്കുന്നതും. രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയലാസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേർ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയിൽ പെട്ട എത്രയോ ഫാക്‌ടറികൾ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങൾ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോൾ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവൺമെന്റ് കൊടുക്കുന്നത്'.