രാജ്യാന്തര ടൂറിസത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചതാണ് കോവളം ബീച്ച്. കോവളത്തെ ബീച്ചുകളില്‍ ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. മുമ്പ് നിരവധി യൂറോപ്യന്‍ വനിതകള്‍ ഇവിടെ ടോപ് ലെസ്സായി കുളിച്ചിരുന്നു എന്നും അങ്ങനെയാണ് ഹവ്വാ ബീച്ചിന് ഈ പേര് വന്നതെന്നും പറയപ്പെടുന്നുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരടക്കം സ്വദേശീയരും എത്താറുണ്ട്.
സൺബാത്തിംഗ് നടത്താനുള്ള സൗകര്യം ഇന്നിവിടെയില്ല. തീരം മുഴുവൻ സ്പീഡ് ബോട്ടുകളും നായകളും നിറഞ്ഞിരിക്കുകയാണ്. ഏറെ ദയനീയമാണ് ഇന്ന് ഈ ബീച്ചിന്റെ അവസ്ഥ. ഡ്രൈനേജ് മാലിന്യത്തിൽ കുതിർന്നു ഹവ്വ മണൽതീരം. ദുർഗന്ധം സഹിക്കാതെ കോവളം ഒഴിവാക്കിയിരിക്കുകയാണ് വിദേശ ടൂറിസ്റ്റുകൾ. 2019 ൽ കോവളമടക്കം തിരുവനന്തപുരം ജില്ലയിൽ എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എന്നതിൽ 20.76 % ഇടിവ്. കോവളത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഇക്കൊല്ലം വൻ ഇടിവാണ്. ഒരുകാലത്തു സഞ്ചാരികളുടെ പറുദീസയെന്നു പേരെടുത്തിരുന്ന ഹവ്വാ ബീച്ച് ഇന്ന് ഡ്രൈനേജ് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ഒരിക്കൽ കാണേണ്ടി വരുന്ന വിദേശ ടൂറിസ്റ്റുകൾ അടുത്ത തവണ കോവളത്തേക്കു തിരിഞ്ഞു നോക്കില്ല.
കോവളത്തിലെ മൊത്തം ഡ്രയിനേജ് മാലിന്യങ്ങളും ഇപ്പോൾ ഒഴുക്കി വിടുന്നത് ഹവ്വാ ബീച്ചിലേക്ക്. ഒരു കാലത്തു ഹവ്വാ ബീച്ചിലെ സ്വർണ മണൽത്തരി തീരത്തു സൺബാത്ത് നടത്തുവാൻ കൊതിച്ചിരുന്ന വിദേശ ടൂറിസ്റ്റുകൾ ഇപ്പോൾ മൂക്കുംപൊത്തി തീരത്തു നിന്നും ഓടേണ്ട അവസ്ഥയിലാണ്. വിദേശ ടൂറിസ്റ്റുകൾ വിശ്രമിക്കാൻ ഇടം കണ്ടെത്തിയിരുന്ന ഹവ്വാ ബീച്ചിലേക്കാണ് ബീച്ചിനു മുകളിലെ ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ഡ്രൈനേജ് തുറന്നു വിട്ടിരിക്കുന്നത്. മഴക്കാലത്ത് മഴവെള്ളം കടലിലേക്ക് ഒഴുക്കി വിറ്റിരുന്ന മൂന്നു തോടുകളിലും ഇപ്പോൾ വന്നു നിറഞ്ഞു ഒഴുകുന്നത് ഡ്രൈനേജ് മാലിന്യമാണ്.
ഹവ്വാ ബീച്ചിലെ പാറക്കെട്ടുകൾക്കു മുന്നിൽ മണൽത്തീരത്തു കെട്ടിക്കിടന്നു സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്ന മാലിന്യ കെട്ട് പരിഹരിക്കാൻ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല. വലിയ കുഴലുകളിൽ തീരത്തേക്ക് തള്ളി വിടുന്ന മാലിന്യത്തിൽ ചവിട്ടാതെ ടൂറിസ്റ്റുകൾക്ക് തീരത്തേക്ക് പോകാനുമാകാത്ത അവസ്ഥ. ദുർഗന്ധം കൊണ്ട് പൊറുതി മുട്ടുന്ന വിദേശ ടൂറിസ്റ്റുകൾ ആകട്ടെ അടുത്ത തവണ കോവളം തന്നെ തങ്ങളുടെ യാത്രാ പാക്കേജിൽ നിന്നും ഒഴിവാക്കുന്ന അവസ്ഥയാണിപ്പോൾ. രാത്രിയാകുമ്പോൾ കോവളം പ്രധാന റോഡിലെ സ്ഥാപനങ്ങൾ തങ്ങളുടെ ഡ്രൈനേജ് മാലിന്യങ്ങൾ ഈ തോടിലൂടെ ഹവ്വാ ബീച്ചിലേക്ക് തുറന്നു വിടുകയാണെന്നു നാട്ടുകാരും ആരോപിക്കുന്നു.
അതേസമയം ഒരൊറ്റ ശുചിമുറിയാണ് ബീച്ചിനു പുറത്തെ പാർക്കിംഗ് സ്ഥലത്തു ദിവസേനെ ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കായുള്ളത്. ബീച്ചും റോഡുമില്ലാതെ സംസ്ഥാന സർക്കാരിന് സ്വന്തമായി അവകാശപ്പെടാൻ ഇവിടെ സ്ഥലമില്ല എന്നത് തന്നെ കാരണം. എന്തായാലും 2019 കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനു അത്ര നല്ല സമയവുമില്ല. 2018 നേക്കാൾ 20.76 % കുറവ് യാത്രക്കാരാണ് 2019 സെപ്തംബർ വരെ തിരുവനന്തപുരം ജില്ലാ സന്ദർശിച്ചത്. ഇത്രയും പേര് കോവളത്തും എത്തിയിട്ടില്ലെന്ന് ചുരുക്കം. ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നതിതാണ്. 2018 ൽ തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാരത്തിനെത്തിയത് 2,49,731 വിദേശ ടൂറിസ്റ്റുകളാണ്. 2019 ലാകാതെ എണ്ണം 1,97,884 അയി കുറയുകയും ചെയ്തു. പക്ഷെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ അത്ര ആശാവഹമല്ലെങ്കിലും പുരോഗതിയുണ്ട്. 2019 ൽ തിരുവനന്തപുരത്തെത്തിയത് 21,74,655 പേരാണ്. അതായതു ആഭ്യന്തരകാരുടെ എണ്ണത്തിൽ 7.76% വർദ്ധനവ്.
കോവളത്തെ വികസനപ്രവർത്തനങ്ങൾക്കു സ്ഥലപരിമിതി പ്രധാന പ്രശ്നം തന്നെയെന്നു ടൂറിസം വകുപ്പ് അധികൃതരും പറയുന്നു. ആഭ്യന്തര ടൂറിസ്റ്റുകൾ വരുന്ന കടൽത്തീരത്തും ഹവ്വാ ബീച്ചിലും കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുന്നതിന് തടസ്സം സ്ഥല പരിമിതി തന്നെയാണ്. കോവളം വികസനം രണ്ടാം ഘട്ടത്തിൽ ശുചിമുറികളും വാഷ് ടവറുകളും വിഭാവനം ചെയ്തിട്ടുണ്ടെന്നു കോവളം ടൂറിസം ഇൻഫർമേഷൻ ഓഫിസർ പ്രേമഭാസ് പറയുന്നു. ടൂറിസം വകുപ്പിന്റെ പക്കൽ എത്ര ഭൂമിയുണ്ടെന്നു ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. കോവളത്തെ പ്രബല സ്വാകാര്യ ഹോട്ടൽ ശ്രിൻഖലയായ റാവിസിന്റെ ഭൂമി സർവ്വേ ചെയ്താൽ മാത്രമേ സംസ്ഥാന സർക്കാരിന്റെ ഭൂമി തിട്ടപ്പെടുത്താനാകൂ.അതിനു ശേഷം മാത്രമേ രണ്ടാം ഘട്ടം നിർമാണം ആരംഭിക്കാനാകൂ. അതിനായി സർവ്വേ വകുപ്പിന് കത്തയച്ചു കാത്തിരിക്കുകയാണ് കോവളത്തെ ടൂറിസം അധികൃതർ.