''ങ്ഹേ... ആഢ്യൻപാറയോ?" എസ്.പി ഷാജഹാനു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.
''യേസ് സാർ."
പറയുന്നതിനിടയിൽ അലിയാർ തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തി.
വിയർപ്പുകണങ്ങളുടെ വലിപ്പത്തിൽ ജലകണികകൾ അയാളുടെ ശരീരത്തിലേക്കു വീണു.
ഇപ്പോഴാണ് അലിയാർക്ക് ശരിക്കും അത്ഭുതമായത്.
ഗുഹാമുഖത്തുനിന്ന് ഏതാണ്ട് രണ്ടടി മുന്നിലാണ് വെള്ളം പതിക്കുന്നത്. മാത്രമല്ല ഗുഹയുടെ മുന്നിൽ ഇരുവശത്തേക്കും നടന്നുപോകുവാൻ ഏതാണ്ട് ഒന്നരയടിയോളം പാറ തള്ളിനിൽപ്പുണ്ട്.
ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വെള്ളത്തിലേക്കു വീണേക്കാം.
''ഈ വഴിതന്നെയാണു സാർ ആരൊക്കെയോ കോവിലകത്തേക്കു വന്നിരുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ..."
പിന്നെയും കുറച്ചുകാര്യങ്ങൾകൂടി സി.ഐ അലിയാർ വിശദീകരിച്ചു.
കുറുകിയ കണ്ണുകളോടെ കേട്ടുനിന്നു, എസ്.പിയും പോലീസുകാരും...
പെട്ടെന്ന് ഷാജഹാന്റെ ഫോൺ ശബ്ദിച്ചു. അതെടുത്ത് നമ്പർ നോക്കിയ ശേഷം അയാൾ അറ്റന്റു ചെയ്തു.
ആ മുഖത്തൊരു ഭാവമാറ്റം അലിയാർ കണ്ടു.
''ഓക്കെ. ഞാൻ അന്വേഷിച്ചോളാം." പറഞ്ഞിട്ട് കോൾ മുറിച്ചുകൊണ്ട് ഷാജഹാൻ, അലിയാർക്കു നേരെ തിരിഞ്ഞു.
''കിടാവിന്റെ അമ്യൂസ്മെന്റ് പാർക്കിൽ കത്തിക്കരിഞ്ഞ ഒരു മനുഷ്യശരീരം."
അലിയാരുടെ നെറ്റി ചുളിഞ്ഞു.
''എങ്കിൽ സംശയിക്കാനില്ല സാർ. അത് തീർച്ചയായും എം.എൽ.എ ശ്രീനിവാസകിടാവിന്റേതു തന്നെയാണ്. കോവിലകത്തു നടന്നതിന്റെ ബാക്കി."
ഷാജഹാൻ അമർത്തി മൂളി.
''തീർന്നില്ല... നമ്മൾ പുലർച്ചെ വിട്ടയച്ച ബലഭദ്രൻ തമ്പുരാൻ ഇതുവരെ വീട്ടിൽ മടങ്ങിച്ചെന്നിട്ടില്ല."
''അങ്ങനെ സംഭവിക്കുമെന്ന് എനിക്കും തോന്നിയിരുന്നു സാർ. ഇനി അയാളെ ജീവനോടെ കാണാമെന്ന പ്രതീക്ഷ എനിക്കില്ല."
''എനിക്കും."
ഷാജഹാൻ അങ്ങനെ പറഞ്ഞപ്പോൾ പോലീസുകാർ അമ്പരന്നു. എന്നാൽ ഷാജഹാന്റെ ചുണ്ടിൽ ഒരു ഗൂഢ മന്ദസ്മിതം ബാക്കിനിന്നു.
*****
വടക്കേ കോവിലകവും അവിടെ നടന്ന ദാരുണ സംഭവങ്ങളും ടിവി ചാനലുകളിൽ നിറഞ്ഞുനിന്നു.
ഒപ്പം പ്രജീഷ്, ശ്രീനിവാസകിടാവ് എന്നിവരുടെ മരണവും.
അന്നത്തെ ദിവസം അങ്ങനെ പോയി.
അതിനടുത്ത ദിവസം എസ്.പി ഷാജഹാൻ, സി.ഐ അലിയാരെ തന്റെ ഓഫീസിലേക്കു വിളിപ്പിച്ചു.
''സാർ..."
അലിയാർ എസ്.പിക്കു മുന്നിൽ അറ്റൻഷനായി.
''താനിരിക്ക്." എതിരെ കിടന്ന കസേരയിലേക്ക് ഷാജഹാൻ കൈചൂണ്ടി.
അലിയാർ ഇരുന്നു.
''ബലഭദ്രൻ തമ്പുരാനെക്കുറിച്ചുള്ള അന്വേഷണം എത്രത്തോളമായി?"
''തുടങ്ങിവച്ചതേയുള്ളു സാർ... ഇന്നലെ ഒന്നിനും സമയം കിട്ടിയില്ലല്ലോ."
ഷാജഹാൻ തലയാട്ടി.
''പാഞ്ചാലിക്ക് നീതി കിട്ടും എന്ന് ഉറപ്പല്ലേ?"
''കിട്ടും." പറഞ്ഞിട്ട് അലിയാർ ചുറ്റും നോക്കി. മറ്റാരും അവിടെയില്ലെന്ന് ഉറപ്പുണ്ടെങ്കിലും സ്വരം താഴ്ത്തി.
''പാഞ്ചാലി ജീവിച്ചിരിപ്പുണ്ടെന്ന് സാറിന് അറിയാമായിരുന്നു. അല്ലേ?"
ഇത്തവണ വിസ്മയിച്ചത് ഷാജഹാനാണ്.
''താനെന്താ ഇങ്ങനെ ചോദിക്കുന്നത്?"
''ഒക്കെ എനിക്ക് ഊഹിക്കാൻ കഴിയും. മരണപ്പെട്ടവർ പലരും അന്യോന്യം ശത്രുക്കളായിരുന്നു എന്നതു നേര്. പക്ഷേ ഇരുകൂട്ടരോടും പകയുള്ള ആരോകൂടി ഉണ്ടെന്നു ഞാൻ മനസ്സിലാക്കി. അത് പാഞ്ചാലിയാണെന്നും കോവിലകത്ത് കുന്തിരിക്കത്തിന്റെ ഒരു കഷണം കണ്ടപ്പോൾത്തന്നെ അത് ഞാൻ ഊഹിച്ചു. പിന്നെ നിലമ്പൂർ കാടുകളിൽ കുന്തിരിക്കത്തിന്റെ വൃക്ഷമുണ്ടോയെന്നും ഞാൻ അന്വേഷിച്ചു. അതും ഉണ്ടെന്നറിഞ്ഞു."
എസ്.പിക്കും സി.ഐയ്ക്കും ഇടയിൽ അല്പനേരം മൗനം മുറുകി.
അത് മുറിച്ചത് അലിയാരാണ്.
''സാർ.... ഒരുപക്ഷേ ബലഭദ്രൻ തമ്പുരാനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്നു ഞാൻ പാഞ്ചാലിയെ കണ്ടെത്തും. അവൾ എവിടെയുണ്ടെന്ന് എനിക്കുറപ്പുണ്ട്."
എസ്.പിയും സി.ഐയും കൂടി അല്പസമയം കൂടി സ്വരം താഴ്ത്തി സംസാരിച്ചു.
*****
ആഢ്യൻപാറ മുറിച്ചു നടന്ന് വെള്ളത്തിലൂടെ അലിയാരും സംഘവും വനത്തിൽ പ്രവേശിച്ചു.
ഒരുതവണ ട്രൈബ്സിന്റെ കോളനിയിലേക്കു പോയിട്ടുള്ളതിനാൽ ഇത്തവണത്തെ യാത്ര എളുപ്പമായിരുന്നു.
പോലീസ് സംഘത്തെ കണ്ട് കുരങ്ങുകൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് വൃക്ഷശിഖരങ്ങൾ വഴി പാഞ്ഞുപോയി...
ആ സമയം ഉൾവനത്തിൽ ഒരിടത്ത്...
വലിയൊരു വൃക്ഷത്തിന്റെ ഉയർന്നു നിൽക്കുന്ന കനത്ത വേരുകൾക്ക് ഇടയിൽ കിടക്കുകയായിരുന്നു ബലഭദ്രൻ തമ്പുരാൻ. അയാളുടെ കൈകാലുകൾ കൂട്ടിക്കെട്ടിയിട്ടുണ്ട്. വായിൽ കുറെ പച്ചില തിരുകിക്കയറ്റിയിരുന്നു....
കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം. ഒരുവശം ചരിഞ്ഞുകിടക്കുകയായിരുന്ന തമ്പുരാൻ ബദ്ധപ്പെട്ടു മുഖമുയർത്തി.
കൂറ്റൻ വൃക്ഷങ്ങൾക്ക് അടിയിലൂടെ കമ്പിളിപോലെ എന്തോ പുതച്ച കുറെ ആളുകൾ വരുന്നത് അയാൾ കണ്ടു.
'രക്ഷിക്കണേ"യെന്ന് അലറിക്കരയണമെന്നുണ്ട് അയാൾക്ക്.
പക്ഷേ വായിൽ പച്ചിലകളിരിക്കുന്നതിനാൽ സാധിക്കുന്നില്ല.
ഏതാണ്ട് പതിനഞ്ചോളം വരുന്ന ഒരു സംഘമായിരുന്നു അത്.
ഏറ്റവും മുന്നിൽ പാഞ്ചാലിയായിരുന്നു. എന്നാൽ കത്തിയെരിഞ്ഞ രൂപത്തിൽ നിൽക്കുന്ന അവളെ അയാൾക്കു മനസ്സിലായില്ല.
പാഞ്ചാലി തിരിഞ്ഞ് തന്റെ കൂടെ വന്നവരെ നോക്കി.
അവർ തമ്പുരാനെ പിടിച്ചുയർത്തി വൃക്ഷത്തിൽ ചാരി നിർത്തി.
ശേഷം കൈകളിലെ കെട്ടുകൾ മാത്രം അഴിച്ചു.
(തുടരും)