agriculture

പാതിരാ കോഴി കൂവും മുൻപേ നെട്ടറക്കോണം വിജയ വിലാസത്തിൽ വിജയൻ ഉണരും. ഗോശാലയിൽ കയറും. ഏഴ് പശുക്കളെയും കുളിപ്പിക്കും. പുല്ലിടും. അകിട് കഴുകി കിടാക്കളെ വേണ്ടുവോളം കുടിപ്പിക്കും. പാൽ ചുരത്തി, അളവ് പാത്രങ്ങളിൽ പകരും. തലയിൽ ഒരു തോർത്തുകെട്ടും ഇരു കൈയിലും പാൽ പാത്രങ്ങളുമായി പോകുന്ന വിജയൻ ചേട്ടനെയാവും നെട്ടറക്കോണം നിവാസികൾ കണി കാണുക. ആനാട് ക്ഷീരോദ്‌പാദക സംഘത്തിൽ പാലെത്തിച്ച് തിരിച്ചെത്തിയാലുടൻ ഒരു ചായ. പിന്നെ, മുറ്റത്തൊരിക്കലും 'മെലിയാതെ നില്ക്കുന്ന" വൈക്കോൽ തുറുവിൽ നിന്നും നെല്ലോല വലിച്ച് കാമധേനുകൾക്ക് നല്കും. കാലികളുടെ തൊഴുത്തും വീടിന് മുന്നില്ലെന്നത് ഐശ്വര്യം തന്നെ. ഗോശാലയിൽ നിന്നിറങ്ങിയാൽ നേരെ അജശാലയിലേയ്ക്ക്. ആടുകൾക്ക് പ്രിയംകരമായ മുറ്റത്തെ പ്ലാവിലെ പ്ലാവില നല്കും. തന്റെ അമ്പാടി മാധുര്യം ഉള്ളിലെത്തുന്നതു മുതൽ സ്വയം പര്യാപ്തതയുടെ സംതൃപ്തി മുഖത്തു തെളിയും. തുടർ പ്രവർത്തനങ്ങളുടെ ഊർജമാണത്. വെയിലുറക്കും മുൻപ്, കിഴക്കേ ഏലായിലും പെരിങ്ങാവിൽ ഏലായിലും താൻ വിതച്ച നെല്ലിന് വേണ്ട പരിചരണമാണ് പിന്നീട്. കൂട്ടത്തിൽ മുന്നൂറ് വാഴയ്ക്ക് തന്റെ തൊഴുത്തിൽ നിന്ന് തന്നെ വെള്ളമെത്തിക്കും. കൊയ്തെടുക്കാൻ ചീരയും പച്ചക്കറിയുമൊക്കെ ധാരാളം കൃഷി ചെയ്തിട്ടുണ്ട്. കിഴക്കേ ഏലായെ ചീരപ്പാടം കൊണ്ട് ചുമപ്പിച്ച് അദ്ദേഹം കൃഷിയിടത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഉച്ച സൂര്യന്റെ തീഷ്ണത കുറഞ്ഞിട്ടുണ്ടാവും. വീണ്ടും തന്റെ ഗോശാലയിലേയ്ക്ക്.വെയിൽ ചായുന്നതോടെ പാൽ നിറച്ച പാത്രങ്ങളുമായി നേരെ ക്ഷീര സംഘത്തിലേക്ക്.