സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞപ്പോൾ മലയാളസിനിമയ്‌ക്ക് കിട്ടിയത് നഷ്‌ടവും ലാഭവും ഒരുമിച്ചായിരുന്നു. ഹിറ്റ് ജോഡികൾ രണ്ട് വഴികളിൽ സഞ്ചരിക്കാൻ തീരുമാനിച്ചതിലൂടെ ലാൽ എന്ന അതുല്യനായ നടനെ മലയാളികൾ തിരിച്ചറിഞ്ഞു. കളിയാട്ടത്തിലെ പനിയൻ എന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കി കൊണ്ട് നടനെന്ന രീതിയിൽ തന്റെ ശക്തമായ സാന്നിധ്യം ഉൗട്ടിഉറപ്പിക്കുകയായിരുന്നു ലാൽ ചെയ്‌തത്.
എന്നാൽ നടൻ മുരളി ഇല്ലായിരുന്നുവെങ്കിൽ താൻ എന്ന നടൻ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുകയാണ് ലാൽ. മുരളി പകരക്കാരനായി നിൽക്കാം എന്ന് സമ്മതിച്ചതുകൊണ്ട് മാത്രമാണ് കളിയാട്ടത്തിൽ അഭിനയിക്കാൻ താൻ സമ്മതിച്ചതെന്ന് ലാൽ പറയുന്നു.
'മുരളിച്ചേട്ടൻ പകരക്കാരനായി നിൽക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാൻ കളിയാട്ടത്തിൽ അഭിനയിക്കാൻ പോയത്. പറ്റുന്നില്ലെങ്കിൽ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാൻ വെച്ച നിബന്ധന. മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോൾ ലാലിന് പറ്റിയില്ലെങ്കിൽ ഞാൻ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയ്യാറായില്ലെങ്കിൽ ലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല'.