ഈ പ്രാവശ്യത്തെ പത്മശ്രീ പുരസ്കാരം ഏറെ പ്രത്യേകത നിറഞ്ഞതാണ്. സാധാരണക്കാരെ തേടിയാണ് പത്മശ്രീ എത്തിയത് എന്നതാണ് ശ്രദ്ധേയം. അതിൽ ഒരാളാണ് ഓറഞ്ച് വിൽപനക്കാരൻ ഹജബ്ബ. ഓറഞ്ച് വില്‍പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ സ്ഥാപിച്ച വലിയ മനസിന് ഉടമ. 'ഒരുപാട‌് സന്തോഷമുണ്ട‌്. ഈ ബഹുമതി എന്റെ സ‌്കൂളിന‌് സമർപ്പിക്കുന്നു'എന്നായിരുന്നു പുരസ്കാര നേട്ടത്തെ കുറിച്ച് ഹജബ്ബയ്ക്കു പറയാനുള്ളത്.
ദക്ഷിണ കര്‍ണാടകക്കാര്‍ക്ക് ഹജബ്ബ 'അക്ഷരങ്ങളുടെ വിശുദ്ധനാണ്'. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ, ജീവിക്കാനായി തലയില്‍ ഒരു ഓറഞ്ച് കുട്ടയും ചുമന്ന് നല്ല പ്രായത്തില്‍ തെരുവിലേക്കിറങ്ങിയതാണ് ഹജബ്ബ. പിന്നീട് സ്വന്തം പ്രയത്‌നത്തിലൂടെ എത്രയോ കുരുന്നുകള്‍ക്ക് അക്ഷരങ്ങള്‍ അറിയാന്‍, അറിവിന്റെ ലോകത്തെത്താന്‍ കാരണക്കാരനായി.
സാധനം വാങ്ങാൻ റേഷൻ കടയിൽ നിൽക്കുമ്പോഴാണ് നാരങ്ങാ വിൽപനക്കാരൻ ഹജബ്ബയുടെ ജീവിതം മാറ്റി മറിച്ച ആ ഫോൺ കോൾ.സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ട് ഭാഷയും അറിയാത്ത ഹജബ്ബ ഫോൺ സമീപത്തെ ഓട്ടോ ഡ്രൈവർ അബ്ബാസിനു കൈമാറി. മറുതലക്കൽ നിന്നു കേട്ട വാക്കുകൾ ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോൾ ആദ്യം ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചിരുന്നില്ല. ഹജബ്ബയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച വിവരം അറിയിക്കാൻ കേന്ദ്രത്തിൽ നിന്നുമുള്ള ഫോൺകോളായിരുന്നു അത്.
ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ. തന്റെ നാട്ടിൽ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങൾക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തിൽ 1999ൽ അദ്ദേഹം സ്കൂൾ ആരംഭിച്ചു. ഓറഞ്ച് വിൽപനയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സ്കൂൾ തുടങ്ങിയത്. സർക്കാർ സഹായങ്ങൾ ചെയ്തു. ഭൂമി നൽകി. അങ്ങനെ ഹജബ്ബയുടെ സ്വപ്നം രാജ്യത്തിന്റെ ശ്രദ്ധ നേടി. സ്‌കൂളും വിദ്യാര്‍ത്ഥികളുടെ സംഖ്യയും വലുതായി. സ്‌കൂള്‍ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹജബ്ബ.