dog

യുവതിയെ കൊറോണ വൈറസിൽ നിന്നും രക്ഷിക്കാൻ വ്യത്യസ്തമായൊരു പ്രവർത്തി ചെയ്ത് ഒരു നായ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. തായ്‌വാനിലാണ് സംഭവം. ചൈനീസ് നഗരമായ വുഹാനിലേക്ക് പോകാൻ ഒരുക്കങ്ങൾ എല്ലാം പൂ‌ർത്തിയാക്കിയിരുന്ന സ്ത്രീയുടെ പാസ്പോർട്ട് കിമി എന്ന വളർത്തുനായ കടിച്ചു കീറുകയായിരുന്നു. യാത്രക്ക് തൊട്ടുമുമ്പാണ് നായ പാസ്‌പോർട്ട് നശിപ്പിച്ചത്. തന്റെ പാസ്‌പോർട്ട് ചവച്ചരച്ച് കൊറോണ വൈറസ് ബാധിച്ച നഗരത്തിലേക്കുള്ള യാത്രയിൽ നിന്ന് തന്നെ തടഞ്ഞതിന് കിമിയോട് യുവതി ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. തന്റെ പാസ്പോർട്ടിന്റെ ചിത്രങ്ങളും യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഈ മാസം പകുതിയോടെയാണ് കൊറോണ വൈറസ് വുഹാൻ നഗരത്തിൽ പൊട്ടിപുറപ്പെട്ടത്. തന്റെ പാസ്പോർട്ട് നായ നശിപ്പിച്ചതുമൂലം വുഹാൻ യാത്ര മുടങ്ങിയ യുവതി ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചു. "'നായ പാസ്പോർട്ട് നശിപ്പിച്ചപ്പോൾ വുഹാനിലേക്കുള്ള യാത്ര മുടങ്ങിയത് മൂലം വല്ലാത്ത ദേഷ്യംവന്നു. ഇപ്പോൾ യാത്ര മുടങ്ങിയതായിരുന്നു നല്ലത് എന്ന് തോന്നുന്നു. എന്റെ പാസ്‌പോർട്ട് കീറിപ്പോയതിനുശേഷം, ഞാൻ ആദ്യം പോകാൻ ഉദ്ദേശിച്ചിരുന്ന വുഹാനിൽ കൊറോണ വൈറസ് ബാധയുണ്ടായി. അപ്പോഴാണ് നായ പാസ്പോർട്ട് നശിപ്പിച്ചതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത്. നായയുടെ പ്രവർത്തി ഹൃദയത്തെ വളരെ സ്പർശിക്കുന്നു. ഭാഗ്യവശാൽ നായ ഞങ്ങളുടെ യാത്ര തടഞ്ഞു. എന്റെ ജീവനെ സംരക്ഷിച്ചതിന് നന്ദി" ഒപ്പം യുവതി നായക്ക് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു. ഗോൾഡൻ റീട്രീവർ ഇനത്തിൽപെട്ട നായയാണ് യുവതിയുടെ പാസ്പോർട്ട് കടിച്ചു കീറിയത്.