ന്യൂഡൽഹി : ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്നവരെ ഒരു മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കുമെന്ന് പറഞ്ഞ ബി.ജെ.പി എം.പി പർവേഷ് സാഹിബ് സിംഗ് വെർമ വീണ്ടും വിവാദത്തിൽ.
'ഷഹീൻബാഗിൽ സമരം ചെയ്യുന്നവർ നിങ്ങളുടെ വീടുകളിലേക്ക് കയറും. നിങ്ങളുടെ പെൺമക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യും, കൊല്ലും. അന്ന് നിങ്ങളെ രക്ഷിക്കാൻ മോദിജിയും അമിത് ഷായും വരണമെന്നില്ല. " - ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വെർമ പറഞ്ഞു.
' ഇത് സാധാരണ തിരഞ്ഞെടുപ്പല്ല. രാജ്യത്തിന്റെ ഐക്യത്തെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. ബി.ജെ.പി ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ ഒറ്റ പ്രക്ഷോഭകർ പോലും ഷഹീൻബാഗിൽ ഉണ്ടാകില്ല. ഒരു മാസത്തിനുള്ളിൽ സർക്കാർ ഭൂമിയിൽ ഒറ്റ പള്ളിപോലും അനുവദിക്കില്ല."- കഴിഞ്ഞ ദിവസം ഡൽഹി വികാസ്പുരിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ വെർമ പറഞ്ഞു.
വെസ്റ്റ് ഡൽഹി എം.പിയാണ് വെർമ.
ബി.ജെ.പിക്ക് വോട്ട് ചെയ്താൽ ഡൽഹിയിൽ ‘ഷഹീൻബാഗ്’ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. വോട്ട് ചെയ്യുമ്പോൾ ഷഹീൻബാഗിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനും രാജ്യതലസ്ഥാനത്ത് കലാപം നടത്താൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും അധികാരത്തിലെത്തിയാൽ ഡൽഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും ഷാ പറഞ്ഞു.
അരാജകത്വത്തിനല്ല ദേശീയതയ്ക്കാണ് ഡൽഹിയിലെ ജനങ്ങൾ വോട്ടു ചെയ്യുകയെന്ന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു.