മലയാള ടെലിവിഷൻ അവതാരകരുടെ ശൈലിയിൽ തന്നെ മാറ്രം വരുത്തിയവരിൽ ഒരാളാണ് ജീവ ജോസഫ്. ആർജവത്തോടും പോസിറ്റീവുമായുള്ള സംസാരിക്കുന്ന ജീവ ഇന്ന് ഏറ്റവും തിരക്കുള്ള അവതാരകരിൽ ഒരാളാണ്. തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടാനും ഈ അവതാരകന് സാധിച്ചു. ജീവയുടെ ഒരുപാട് വിശേഷങ്ങൾ നമ്മൾ ഇതിനോടകം തന്നെ അറിഞ്ഞു കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെ. ബൈക്കോടിച്ചിരുന്ന കാലത്ത് തനിക്കൊരു അപകടമുണ്ടായെന്നും അന്നു മുഖത്ത് ഉണ്ടായ സ്റ്റിച്ചിന്റെ പാട് കാരണം തനിക്ക് ഖത്തർ എയർവേയ്സിലെ ജോലി നഷ്ടപ്പെട്ടെന്നും ജീവ പറയുന്നു. അപകടത്തിൽ അന്ന് ഹെൽമറ്റിന്റെ ക്ലിപ്പ് ഇടാത്തതിനെ തുടർന്ന് ഹെൽമെറ്റ് തെറിച്ചു വീണപ്പോഴാണ് അത് സംഭവിച്ചതെന്നും ജീവ പറഞ്ഞു.
ജീവയുടെ വാക്കുകൾ
'വണ്ടി ഓടിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ തട്ടലും മുട്ടലും എനിക്കും ഉണ്ടായിട്ടുണ്ട്. എൻജിനിയറിംഗിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഡാഡ് ചോദിച്ചു, നീ എന്താ ഹെൽമെറ്റ് വയ്ക്കാത്തതെന്ന്. കോളേജിലേക്കല്ലേ അതാ വയ്ക്കാത്തത് എന്ന് ഞാൻ പറഞ്ഞപ്പോൾ തല നിന്റേതാണെന്ന് പറഞ്ഞു. അന്ന് ഹെൽമെറ്റ് ഇട്ടു. പക്ഷേ ക്ലിപ്പിട്ടില്ല, അപ്പോൾ അടുത്ത ചോദ്യം ക്ലിപ്പിടാത്തതിനെ കുറിച്ചായി. ഞാൻ ഇട്ടോളാം എന്ന് പറഞ്ഞ് അന്ന് ഞാൻ ഇറങ്ങി'
'എന്നാൽ പിറ്റേ ദിവസം രാവിലെ കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ കൂട്ടുകാരന്റെ ബൈക്കിന്റെ പിറകെ പോവുകയായിരുന്നു, അവൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ, ഞാൻ ഒന്ന് വെട്ടിക്കാൻ ശ്രമിച്ചു, പിന്നാലെ മറിഞ്ഞു വീണു. ക്ലിപ്പിടാത്തത് കൊണ്ട് ഹെൽമെറ്റ് തെറിച്ചു പോയതുകൊണ്ട് താടിക്ക് പരിക്കേറ്റ് മൂന്ന് നാല് സ്റ്റിച്ചിട്ടു. അതിന്റെ ഒരു പാട് ഇപ്പോഴമുണ്ട്. ആകെ ശരീരത്തിൽ സ്റ്റിച്ചുള്ള ഒരേയൊരു ഭാഗം അവിടെയാണ്, ഒരു ദിവസം ഖത്തർ എയർവേയ്സിൽ ഇന്റർവ്യൂന് പോയപ്പോൾ ആ പാട് കണ്ടതുകൊണ്ട് ജോലി കിട്ടിയില്ല. എന്നാൽ അത് ഒരു കണക്കിന് നന്നായി. ഖത്തറിൽ പോയായിരുന്നെങ്കിൽ സീ കേരളവും സരിഗമപയും ഏതെങ്കിലും നല്ല ആങ്കർ ആയേനേ' - ജീവ പറഞ്ഞു.